ഉത്തര ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഡോ. മര്വാന് അല്‍സുല്‍ത്താന്റെ വീട് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. അതേസമയം, ഹമാസ് പ്രസ്ഥാനത്തിലെ പ്രമുഖ അംഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും അദ്ദേഹത്തിന്റെ ഏതാനും കുടുംബാംഗങ്ങളും ഗാസ സിറ്റിയിലെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ രക്തസാക്ഷികളായതായി ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗാസ സിറ്റിക്ക് തെക്ക് പടിഞ്ഞാറുള്ള തല്‍ അല്‍ഹവാ പ്രദേശത്ത് ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബവും താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയതെന്നും ആക്രമണത്തില്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു.
അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രായില്‍ മന്ത്രിയുടെ ഭീഷണിയെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഫലസ്തീന് പ്രദേശത്തിനു മേല്‍ പരമാധികാരം ഏര്‍പ്പെടുത്തണമെന്ന ഇസ്രായില്‍ മന്ത്രിയുടെ പ്രസ്താവനയെ സൗദി അറേബ്യ അപലപിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. അത്തരം നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് പ്രസ്താവന പറഞ്ഞു. ഫലസ്തീന് ഭൂമിയില്‍ ജൂത കുടിയേറ്റം വികസിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ നിരാകരിക്കുന്നു. യു.എന്‍ പ്രമേയങ്ങള്‍ ഇസ്രായില്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സൗദി അറേബ്യയുടെ നിലപാട് വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു.