തെൽഅവീവ് – ന്യൂയോർക്ക് നഗരത്തിലെ ജൂത സമൂഹത്തോട് ഇസ്രായിലിലേക്ക് കുടിയേറാൻ ആഹ്വാനം ചെയ്ത് ഇസ്രായിൽ പ്രവാസികാര്യ, സെമിറ്റിസം വിരുദ്ധ മന്ത്രി അമിച്ചായ് ഷെക്ലി. ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ഹമാസ് അനുകൂലിയെന്ന് ആരോപിക്കുകയും ചെയ്തു.
ഒരു കാലത്ത് ആഗോള സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്ന നഗരം അതിന്റെ താക്കോലുകൾ ഒരു ഹമാസ് അനുകൂലിക്ക് കൈമാറിയെന്നും അമിച്ചായ് ഷെക്ലി തന്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു. ന്യൂയോർക്ക് ഒരിക്കലും പഴയതുപോലെയാകില്ല, പ്രത്യേകിച്ച് ജൂത സമൂഹത്തിന്. ഇവരോട് ഇസ്രായിലിലേക്ക് കുടിയേറുന്നത് പരിഗണിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.
25 വർഷം മുമ്പ് 3000 ന്യൂയോർക്കുകാരെ കൊല്ലപ്പെടുത്തിയ തീവ്രവാദികളുടെ വീക്ഷണങ്ങളിൽ നിന്ന് മംദാനിയുടെ വീക്ഷണങ്ങൾ വളരെ അകലെയല്ലെന്നും അദ്ദേഹം ആരോപിച്ചു.
2026 ജനുവരിയിൽ അധികാരമേൽക്കുന്ന മംദാനി അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലെ ആദ്യത്തെ മുസ്ലിം മേയറാകും. യഹൂദവിരുദ്ധതയുടെ വിപത്തിനെതിരെ പോരാടാൻ മടിക്കാത്ത ഒരു നഗരം ഞങ്ങൾ നിർമ്മിക്കുമെന്ന് അടുത്തിടെ മംദാനി പറഞ്ഞിരുന്നു. ഫലസ്തീനെ പിന്തുണക്കുകയും ഗാസയിൽ ഇസ്രായിൽ നടത്തുന്നത് വംശഹത്യയെന്നും മംദാനി വിശേഷിപ്പിച്ചിരുന്നു. എന്നാൽ ട്രംപ് മംദാനിയെ തന്റെ ട്രൂത്ത് സോഷ്യലിലൂടെ വിശേഷിപ്പിച്ചത് ജൂതവിരുദ്ധനെന്നാണ്.



