ജിദ്ദ- സൗദിയിലെ കിഴക്ക്-പടിഞ്ഞാറ് എണ്ണ പൈപ്പ്ലൈനിനു നേരെ ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ ഡ്രോൺ ആക്രമണം നടത്തിയതിനു പിന്നാലെ സൗദി-ഇറാഖ് വിദേശ മന്ത്രിമാർ ചർച്ച നടത്തി. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇറാഖ് വിദേശ മന്ത്രി ഫുആദ് ഹുസൈനും ഫോണിൽ ബന്ധപ്പെട്ടാണ് ചർച്ച നടത്തിയത്. ഇറാഖ് വിദേശ മന്ത്രി സൗദി വിദേശ മന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ചും പൊതു താൽപ്പര്യമുള്ള സംഭവവികാസങ്ങളെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. മേഖലാ സുരക്ഷയെയും സ്ഥിരതയെയും പിന്തുണക്കാനും സംയുക്ത സഹകരണം വർധിപ്പിക്കാനും സഹായിക്കുന്ന നിലക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം, ഏകോപനം, കൂടിയാലോചന എന്നിവ തുടരേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി, തുർക്കി വിദേശ മന്ത്രി ഹാകാൻ ഫിദാൻ എന്നിവരുമായും സൗദി വിദേശ മന്ത്രി ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. മേഖലയിൽ സംഘർഷം കുറക്കാനും പിരിമുറുക്കങ്ങൾ നിയന്ത്രിക്കാനും നടത്തുന്ന ശ്രമങ്ങളും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ പരസ്പരം സഹകരിക്കുന്നതിനെ കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു.
സൗദി അറേബ്യയിലെ കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്ലൈനിനു നേരെ ഇറാഖിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ശക്തമായി അപലപിച്ചു. ഈ ആക്രമണം അപകടകരമായ വർധനവും സൗദി അറേബ്യയുടെ സുരക്ഷ, പ്രദേശിക സമഗ്രത, സുപ്രധാന സൗകര്യങ്ങൾ എന്നിവക്കു നേരെയുള്ള അസ്വീകാര്യമായ ഭീഷണിയും അന്താരാഷ്ട്ര നിയമതത്വങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയെയും സ്ഥിരതയെയും ആർജിത നേട്ടങ്ങളെയും ലക്ഷ്യമിട്ടുള്ള മുഴുവൻ ആക്രമണങ്ങളെയും തീർത്തും നിരാകരിക്കുന്നു.
സുരക്ഷാ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പുവെച്ച് സൗദിയും ബ്രിട്ടനും
മേഖലാ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാനും സംഘർഷം ലഘൂകരിക്കാനും സഹായിക്കുന്ന തരത്തിൽ, ഇത്തരം ആക്രമണങ്ങൾക്കുള്ള ലോഞ്ചിംഗ് പാഡായി തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കുന്നത് തടയാനും ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനും ഇറാഖ് സർക്കാർ കൂടുതൽ ശ്രമങ്ങൾ നടത്തുകയും ആവശ്യമായതും നിർണായകവുമായ നടപടികൾ കൈക്കൊള്ളുകയും വേണം. ഗൾഫ് സഹകരണ കൗൺസിലിൽ സൗദി അറേബ്യക്കൊപ്പം ഉറച്ച് നിൽക്കും. രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, ഭൂപ്രദേശം, സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷയും പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന പ്രവാസികളുടെയും സുരക്ഷയും സംരക്ഷിക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള ജി.സി.സിയുടെ പൂർണ പിന്തുണയും ജാസിം അൽബുദൈവി വ്യക്തമാക്കി. ബഹ്റൈൻ, ജോർദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും മുസ്ലിം വേൾഡ് ലീഗും എണ്ണ പൈപ്പ്ലൈനിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രസ്താവനകളിറക്കി.
