മുംബൈ- യു.എ.ഇയിൽ നിന്ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടെക്‌സ്‌റ്റൈൽ വ്യാപാരിയിൽ നിന്ന് മലയാളികൾ സ്വർണവും പണവും കവർന്നതായി പരാതി. സൂറത്ത് സ്വദേശിയായ വസ്ത്ര വ്യാപാരിയാണ് വൻ തട്ടിപ്പിനിരയായത്. കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാനായി കൊണ്ടുവന്ന പണവും സ്വർണവുമാണ് വിമാനത്താവളത്തിൽ വെച്ച് തട്ടിയെടുക്കപ്പെട്ടത്. 1.95 കോടി രൂപ വിലമതിക്കുന്ന 1.5 കിലോഗ്രാം സ്വർണവും 1.28 ലക്ഷം യുഎഇ ദിർഹവും (ഏകദേശം 33.35 ലക്ഷം രൂപ) കബളിപ്പിച്ച് കവർന്നതായാണ് പരാതി.
വസ്ത്രവ്യാപാരം നിർത്തിയ ശേഷം പുതിയ ബിസിനസ് തുടങ്ങാൻ ആലോചിച്ച വ്യാപാരി ദുബായിൽ വെച്ചാണ് മലയാളിയായ മുഹമ്മദ് ആസിഫ് എന്നയാളെ പരിചയപ്പെടുന്നത്. ദുബായിൽ നിന്ന് നിയമപരമായി സ്വർണം വാങ്ങി ഇന്ത്യയിൽ വിറ്റാൽ നല്ല ലാഭം കിട്ടുമെന്ന് ആസിഫ് ഇയാളെ വിശ്വസിപ്പിച്ചു.
ഇതനുസരിച്ച് വ്യാപാരി കടമായി 1.5 കിലോഗ്രാം സ്വർണം വാങ്ങി. ഇന്ത്യയിലെത്തുമ്പോൾ ഇതിന്റെ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നതിനായി 1.28 ലക്ഷം യുഎഇ ദിർഹവും കൈവശം കരുതി.
എമിറേറ്റ്‌സ് വിമാനത്തിൽ മുംബൈയിൽ എത്തിയ വ്യാപാരിയെ സഹായിക്കാനെന്ന വ്യാജേന ആസിഫിന്റെ കൂട്ടാളിയായ നിയാസ് മുഹമ്മദ് എന്നയാൾ വിമാനത്താവളത്തിലെത്തി. തുടർന്ന് കസ്റ്റംസ് പരിശോധനകൾ വേഗത്തിലാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ വ്യാപാരിയുടെ പക്കൽ നിന്ന് സ്വർണവും ദിർഹവും അടങ്ങിയ ബാഗ് വാങ്ങി കടന്നുകളയുകയായിരുന്നു.
സ്വര്‍ണ വ്യാപാര തട്ടിപ്പ്: പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെ, 62കാരന് നഷ്ടപ്പെട്ടത് 73.72 ലക്ഷം
67 കാരനായ വ്യാപാരിയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തതായി സഹർ പോലീസ് അറിയിച്ചു. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹാരിസ് എന്ന മറ്റൊരാളും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് വ്യാപാരി പരാതിയിൽ പറയുന്നു.







