ലണ്ടൻ: സൗദി അറേബ്യയുടെയും ബ്രിട്ടന്റെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനായി നിരവധി കരാറുകൾ ഒപ്പുവെച്ചു. ലണ്ടനിൽ നടന്ന ചർച്ചകളിൽ സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി യെവെറ്റ് കൂപ്പറും പുതിയ കരാറുകളിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലുള്ള സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിനായിരുന്നു ചർച്ചകൾ.
അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, കൂടിക്കാഴ്ചയുടെ ലക്ഷ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുകയാണെന്ന് വ്യക്തമാക്കി. എല്ലാ രൂപത്തിലുമുള്ള സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ ബ്രിട്ടനുമായി സഹകരണം വർധിപ്പിക്കാനും, വൈദഗ്ധ്യവും മികച്ച രീതികളും കൈമാറാനും സൗദി ഗവൺമെന്റ് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. മുൻപ് ഒപ്പുവെച്ച സുരക്ഷാ കരാറുകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, ഇരു ഗവൺമെന്റുകളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിന് സംയുക്ത സുരക്ഷാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനും ബ്രിട്ടീഷ് സുരക്ഷാകാര്യ സഹമന്ത്രി ഡാൻ ജാർവിസും നടത്തിയ പ്രത്യേക ചർച്ചയിൽ, കായിക മത്സരങ്ങളുടെയും പ്രധാന പരിപാടികളുടെയും സുരക്ഷാ മേഖലയിൽ ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള അനുഭവ കൈമാറ്റം ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന സന്ദർശന വേളയിൽ, നിരീക്ഷണ സംവിധാനങ്ങൾ, ജനക്കൂട്ട നിയന്ത്രണം, അടിയന്തര പ്രതികരണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ, പ്രധാന പരിപാടികൾക്കും കായിക മത്സരങ്ങൾക്കും ഉപയോഗിക്കുന്ന സുരക്ഷാ സജ്ജീകരണങ്ങൾ സൗദി മന്ത്രി പരിശോധിച്ചു. അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ ലണ്ടനിലെ വെല്ലിംഗ്ടണ്‍ മിലിട്ടറി ബാരക്കുകളും സന്ദർശിച്ചു, അവിടെ ബ്രിട്ടീഷ് സൈന്യത്തിന്റെ സൈനിക ബാൻഡിന്റെ ഫീൽഡ് ഡെമോൺസ്‌ട്രേഷൻ വീക്ഷിച്ചു.
ചർച്ചകളിൽ സൗദി ആഭ്യന്തര സഹമന്ത്രി ഡോ. ഹിശാം അൽ-ഫാലിഹ്, മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഖാലിദ് അൽ-അർവാൻ, അന്താരാഷ്ട്ര പങ്കാളിത്ത പ്രോഗ്രാം സൂപ്പർവൈസർ മേജർ ജനറൽ മുഹമ്മദ് അൽ-ഹബ്ദാൻ, ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ-അന്താരാഷ്ട്ര സഹകരണകാര്യ ഡയറക്ടർ ജനറൽ അഹ്മദ് അൽ-ഈസ, ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.