ആണവ പദ്ധതി പുനരാരംഭിച്ചാല്‍ ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ക്കുള്ള സാധ്യതക്ക് ഇസ്രായില്‍ തയാറെടുക്കുകയാണെന്ന് അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റ് ആക്സിയോസ് വെളിപ്പെടുത്തി. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പച്ചക്കൊടി കാണിച്ചേക്കുമെന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഇന്നലെ വൈകീട്ട് വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാന്‍ ആണവ പ്രശ്നം ചര്‍ച്ച ചെയ്തു. പുതിയ സൈനിക ആക്രമണങ്ങള്‍ ആരംഭിക്കുന്നതിന് ന്യായീകരിക്കാവുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയുന്നതിനൊപ്പം ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവി സംബന്ധിച്ച് യു.എസ് പ്രസിഡന്റുമായി ധാരണയിലെത്താന്‍ നെതന്യാഹു ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വലിയ തോതിലുള്ള നാവിക ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യമിട്ട മാജിക് സീസ് ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. വര്‍ഷാരംഭത്തിനുശേഷം കപ്പല്‍ പാതകളില്‍ ഹൂത്തികള്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നില്‍ ഏകദേശം ആറ് മാസം നീണ്ടുനിന്ന ആപേക്ഷിക ശാന്തത അവസാനിപ്പിച്ചു. ചൈനയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഇരുമ്പും വളവും കയറ്റി ചെങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ ലൈബീരിയന്‍ പതാക വഹിച്ച കപ്പലിനു നേരെ ഞായറാഴ്ച മിസൈലുകള്‍, ബോട്ടുകള്‍, സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണം നടത്തുകയായിരുന്നു.