ലക്നൗ– ഉത്തർപ്രദേശിലെ ലക്നൗവിൽ 1519 കോടി ചെലവിട്ടു നിർമ്മിച്ച ‘ഗ്രീൻ കോറിഡോർ’ പാത ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ തകർന്നു. ബിർബൽ സാഹ്നി മാർഗിലെ റോഡിന്റെ ഒരു വലിയ ഭാഗമാണ് അപ്രതീക്ഷിതമായി താഴേക്ക് ഇടിഞ്ഞുതാഴ്ന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചേർന്ന് മാർച്ച് 13-ന് നാടിന് സമർപ്പിച്ച പദ്ധതിയിലാണ് ഈ ഗുരുതര വീഴ്ച.
ഹനുമാൻ സേതുവിനെ നിഷാത്ഗഞ്ചുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് അപകടമുണ്ടായത്. ഞായറാഴ്ച പെട്ടെന്ന് റോഡ് ഇടിയുകയായിരുന്നു. ആ സമയത്ത് വേഗത്തിൽ വാഹനങ്ങൾ ഒന്നും വരാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയതും സീവേജ് പൈപ്പ് ലൈനിലെ ചോർച്ചയുമാണ് തകർച്ചയ്ക്ക് കാരണമായതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
സംഭവം വിവാദമായതോടെ ലക്നൗ വികസന അതോറിറ്റി (എൽ.ഡി.എ) വിശദീകരണവുമായി രംഗത്തെത്തി. തകർന്നത് പ്രധാന റോഡല്ലെന്നും സൈഡ് പാതയിലെ റാംപ് ആണെന്നുമാണ് ഇവരുടെ വാദം. ജൽ നിഗമിന്റെ പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ചയാണ് റോഡ് ഇടിയാൻ കാരണമെന്നും പുതിയ റോഡ് നിർമ്മാണത്തിൽ പിഴവില്ലെന്നും അധികൃതർ പറയുന്നു.
കോടികൾ ചെലവിട്ട് നിർമ്മിച്ച പാത ഇത്ര വേഗം തകർന്നതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. നിർമ്മാണ വേളയിൽ തന്നെ സീവേജ് പ്രശ്നങ്ങൾ പരിഹരിക്കാതിരുന്നതാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ സ്ഥലത്ത് അടിയന്തര അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്.



