ജിദ്ദ: സഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശമുയർത്തി മലബാർ അടുക്കള ജിദ്ദ ചാപ്റ്ററിന്റെ വാർഷിക ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആത്മീയതയും മനുഷ്യസ്‌നേഹവും ഒത്തുചേർന്ന ചടങ്ങിൽ ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രവാസി കുടുംബങ്ങളും പങ്കെടുത്തു.
ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി. ദാനധർമ്മങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും ആത്മീയ ശുദ്ധി കൈവരിക്കേണ്ട മാസമാണ് റമദാനെന്നും, കർമ്മങ്ങളുടെ സ്വീകര്യതയ്ക്ക് മനസ്സിന്റെ നന്മ അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ കോർഡിനേറ്റർ കുബ്ര ലത്തീഫ് അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ മലബാർ അടുക്കള, ഈ വർഷവും തൊഴിലാളി ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രവാസ ലോകത്തെ സാധാരണക്കാരായ തൊഴിലാളികൾക്ക് ആശ്വാസമേകുന്ന ഇത്തരം പ്രവർത്തനങ്ങൾ കൂട്ടായ്മയുടെ മനോഹരമായ പാരമ്പര്യമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു.


ഖുർആൻ മനഃപാഠമാക്കിയ മലബാർ അടുക്കള അംഗം ഷെമീമയുടെ മകൻ ആദിലിനെ ആദരിച്ചു. മുസ്തഫ വി.പി, അഷാബ് വർക്കല, ഷമീല മൂസ, മുസാഫിർ, ജലീൽ കണ്ണമംഗലം, ഹസ്സൻ കൊണ്ടോട്ടി, ഖാജ, സി.എം. അഹമ്മദ്, ഡോ. മിഷ്ക്കാത്ത്, സലീന എന്നിവർ ആശംസകൾ നേർന്നു.
ഷബ്‌ന, ഷംസീറ, സാഹിറ സവാദ്, ആശിക റംനാസ്, ഹസീന അഫ്സൽ, സബ്രീന, മുംതാസ്, സുറുമി, സുനീറ, ഫായിസ, ലത്തീഫ് മൊഗ്രാൽ, സവാദ്, മജീദ്, റംനാസ്, ജബ്ബാർ, ഗഫൂർ എന്നിവർ നേതൃത്വം നൽകി. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സൗഹൃദം പുതുക്കാനും ആത്മീയ ചിന്തകൾ പങ്കുവെക്കാനും അവസരമൊരുക്കിയ സംഗമം പങ്കെടുത്തവർക്ക് ഹൃദ്യമായ അനുഭവമായി.



