ജിദ്ദ – ഈ വര്‍ഷത്തെ ഹജ് സീസണില്‍ സൗദി അറേബ്യക്കകത്തു നിന്ന് തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന സ്വദേശി പൗരന്മാര്‍ക്കും സാധുവായ ഇഖാമയുള്ള പ്രവാസികള്‍ക്കും ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാന്‍ 6 ന് പ്രഖ്യാപിച്ച ഡാറ്റ രജിസ്‌ട്രേഷന്‍ ഘട്ടത്തിന്റെ പൂര്‍ത്തീകരണമെന്നോണം നുസുക് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും ബുക്കിംഗ് നടത്താവുന്നതാണ്. അപേക്ഷകര്‍ക്ക് പാക്കേജുകള്‍ അവലോകനം ചെയ്യാനും തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാനും ബുക്കിംഗ് ഇന്‍വോയ്സ് ഇഷ്യു ചെയ്യാനും തുടര്‍ന്ന് സദ്ദാദ് സിസ്റ്റം വഴി പണമടക്കാനും കഴിയുമെന്ന് മന്ത്രാലയം വിശദീകരിച്ചു. സീറ്റുകള്‍ ക്രമീകരിക്കാനും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കാനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സമഗ്രമായ ഡിജിറ്റല്‍ പ്രക്രിയയുടെ ഭാഗമാണിത്.
ബുക്കിംഗ് ഇന്‍വോയ്സ് ഇഷ്യു ചെയ്ത ശേഷം പേയ്മെന്റ് സമയപരിധി 72 മണിക്കൂറാണ്. ദുല്‍ഖഅ്ദ 27 വരെ ബുക്കിംഗ് ഇന്‍വോയ്‌സുകള്‍ ഇഷ്യു ചെയ്ത് ഈ രീതിയില്‍ പെയ്‌മെന്റ് നടത്താന്‍ സാധിക്കും. ദുല്‍ഖഅ്ദ 28 മുതല്‍ പരമാവധി ഗുണഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതിന് പെയ്‌മെന്റ് സമയപരിധി 6 മണിക്കൂറായി കുറക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ പണമടക്കാത്ത പക്ഷം ബുക്കിംഗുകള്‍ സ്വയമേവ റദ്ദാക്കപ്പെടും.
അംഗീകൃത റദ്ദാക്കല്‍ നയം അനുസരിച്ചാണ് റദ്ദാക്കല്‍ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുക. ഹജ് പെര്‍മിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പും ശവ്വാല്‍ 30 വരെയും യാതൊരു കിഴിവുകളും കൂടാതെ റദ്ദാക്കലുകള്‍ അനുവദനീയമാണ്. എന്നാല്‍ പെര്‍മിറ്റ് ഇഷ്യു ചെയ്ത ശേഷം റദ്ദാക്കല്‍ അപേക്ഷ തീയതി അടിസ്ഥാനമാക്കി കിഴിവുകള്‍ ബാധകമാകും. ദുല്‍ഹജ് ഒന്നു മുതല്‍ പ്ലാറ്റ്ഫോം അടക്കുന്നതുവരെ പെര്‍മിറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ ലഭിക്കില്ല.
ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പാക്കേജുകള്‍ ഉടന്‍ ബുക്ക് ചെയ്ത് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ പേയ്മെന്റുകള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. കരാറുകള്‍ സ്ഥിരീകരിക്കുന്നതിന് മുമ്പ് പാക്കേജ് വിശദാംശങ്ങളും നിബന്ധനകളും അനിവാര്യമായും പരിശോധിക്കണം. എല്ലാ നടപടിക്രമങ്ങളും നുസുക് ആപ്ലിക്കേഷന്‍ വഴിയോ നുസുക് വെബ്സൈറ്റ് വഴിയോ ഇലക്ട്രോണിക് രീതിയില്‍ പൂര്‍ത്തിയാക്കും. എന്തെങ്കിലും അന്വേഷണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും 1966 എന്ന നമ്പറില്‍ ഏകീകൃത കോള്‍ സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.



