തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ വഴിയിലൂടെ കടന്നുപോകാനുള്ള ഇന്ത്യന്‍ എണ്ണ ടാങ്കര്‍ ഹാനയുടെ ശ്രമം തടഞ്ഞതായി ഇറാന്റെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ടാങ്കര്‍ ഹോര്‍മുസിലൂടെ കടക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഇറാന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ ഒരു കപ്പലും കടന്നുപോയിട്ടില്ല.
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചട്ടക്കൂടിനെ കുറിച്ച് ഇറാനും ഒമാനും ധാരണയിലെത്തിയിട്ടുണ്ടെന്നും ഈ ഫ്രെയിംവര്‍ക്ക് സൈനിക കപ്പലുകളെ ഒഴിവാക്കുമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗരീബാബാദി സ്റ്റേറ്റ് ടി.വിയോട് പറഞ്ഞു. ധാരണ പ്രാബല്യത്തില്‍ വന്നാല്‍, ഒരു സൈനിക കപ്പലിനെയും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സൈനിക കപ്പലുകളുടെ ഗതാഗതം തടയുന്നതിനെ കുറിച്ച് ഗരീബാബാദി കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. നിര്‍ണായകമായ കപ്പല്‍ ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള നിര്‍ദ്ദിഷ്ട വാണിജ്യ പാതയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഇനത്തില്‍ ലഭിക്കുന്ന വരുമാനം ഒമാനുമായി പങ്കിടാന്‍ ധാരണയിലെത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. ഒമാനുമായുള്ള ചര്‍ച്ചകളില്‍, കടലിടുക്കിലെ ജലാശയങ്ങളില്‍ ഓരോ രാജ്യത്തിന്റെയും വിഹിതവും ഇറാന്റെയും ഒമാന്റെയും വരുമാന വിഹിതവും സംബന്ധിച്ച് ചില ധാരണകളില്‍ എത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് വക്താവ് ഹുസൈന്‍ മുഹിബിയും പറഞ്ഞു. ഇക്കാര്യത്തില്‍ കരാര്‍ അന്തിമമാക്കാനുള്ള പ്രവര്‍ത്തനം അമേരിക്ക തടസ്സപ്പെടുത്തുകയാണെന്നും മുഹിബി കൂട്ടിച്ചേര്‍ത്തു.







