മസ്‌കത്ത്: ഗൾഫ് ഉൾക്കടലിലും സമീപ ജലാശയങ്ങളിലുമായി കഴിഞ്ഞ ആറ് മാസത്തിനിടെ 68 കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) റിപ്പോർട്ട് ചെയ്തു. മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ, ആഗോള എണ്ണ-വാതക കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ഗുരുതരമായി ബാധിക്കുകയാണ്. ശരാശരി 2.6 ദിവസത്തിൽ ഒന്ന് എന്ന നിരക്കിൽ നടന്ന ഈ ആക്രമണങ്ങളിൽ കുറഞ്ഞത് 20 നാവികരും തുറമുഖ തൊഴിലാളികളും കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
ആക്രമണത്തിനിരയായ കപ്പലുകളിൽ 50 ശതമാനവും എണ്ണ ടാങ്കറുകളും 20 ശതമാനം കണ്ടെയ്നർ കപ്പലുകളും 15 ശതമാനം ബൾക്ക് കാരിയറുകളുമാണ്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ ഇതിൽ 47 സംഭവങ്ങളെ നേരിട്ടുള്ള ആക്രമണങ്ങളായാണ് തരംതിരിച്ചിട്ടുള്ളത്. മേഖലയിലെ സംഘർഷത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വിവിധ ഘട്ടങ്ങളിൽ ആക്രമണങ്ങളുടെ ആവൃത്തിയിൽ വ്യത്യാസങ്ങൾ വന്നിട്ടുണ്ടെന്നും ഡാറ്റ വ്യക്തമാക്കുന്നു.







