തെഹ്‌റാൻ: പുതുതായി ഏർപ്പെടുത്തിയ ഉപരോധങ്ങളിലൂടെ അമേരിക്കയ്ക്ക് ഒന്നും നേടാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. യുദ്ധത്തിലൂടെയെന്ന പോലെ സാമ്പത്തിക സമ്മർദ്ദത്തിലൂടെയും ലക്ഷ്യങ്ങൾ നേടുന്നതിൽ അമേരിക്ക പരാജയപ്പെടും. സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇറാൻ എന്നും ആഗ്രഹിക്കുന്നതെന്നും, ആവശ്യമെങ്കിൽ ശക്തമായി പോരാടുമെന്നും പെസെഷ്‌കിയാൻ കൂട്ടിച്ചേർത്തു.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി ധാരണയിലെത്തിയതിനെ ന്യായീകരിച്ച അദ്ദേഹം, കൈകൊണ്ട് അഴിക്കാവുന്ന കെട്ട് പല്ലുകൊണ്ട് അഴിക്കേണ്ടതില്ലെന്ന നയം വ്യക്തമാക്കി. അന്താരാഷ്ട്ര വിശകലനങ്ങൾ ഇറാൻ യുദ്ധത്തിൽ വിജയിച്ചതായി വിലയിരുത്തുമ്പോൾ, രാജ്യം പരാജയപ്പെട്ടുവെന്ന രീതിയിലുള്ള ആഭ്യന്തര പ്രചാരണങ്ങളെ പ്രസിഡന്റ് വിമർശിച്ചു.
അതേസമയം, മുൻ പരമോന്നത നേതാവ് അലി ഖാംനഇയുടെ മരണശേഷം ചുമതലയേറ്റ മകൻ മുജ്തബ ഖാംനഇക്ക് ഗുരുതരമായി പരിക്കേറ്റതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഒരു റേഡിയോ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. മുജ്തബയുടെ ഇടതുകൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും, എന്നാൽ അദ്ദേഹം ജീവനോടെയുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.







