റിയാദ് – ഗാസയിൽ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നിരാകരിച്ച് സൗദി അറേബ്യയും മറ്റ് മേഖല രാജ്യങ്ങളും. സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, ഗാസ-ഈജിപ്ത് അതിർത്തിയിലെ റഫാ ക്രോസിംഗ് ഒരു ദിശയിലേക്ക് മാത്രം തുറന്ന് ഗാസ നിവാസികളെ ഈജിപ്തിലേക്ക് പുറത്താക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രായേലി നേതാക്കളുടെ പ്രസ്താവനകളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതി പൂർണ്ണമായി പാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. റഫാ ക്രോസിംഗ് ഇരു ദിശകളിലേക്കും തുറക്കണം, സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം, ആരെയും സ്വന്തം മണ്ണ് വിട്ടുപോകാൻ നിർബന്ധിക്കരുത് തുടങ്ങിയവയായിരുന്നു ട്രംപ് മുന്നോട്ട് വെച്ചത്. ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിച്ച് സ്ഥിരത പുനഃസ്ഥാപിക്കാൻ, ഫലസ്തീനികൾക്ക് അവരുടെ മണ്ണിൽ തുടരാനും മാതൃരാജ്യം പുനർനിർമ്മിക്കുന്നതിൽ പങ്കുചേരാനും സാധിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കണം. സ്ഥിരമായ വെടിനിർത്തൽ, സിവിലിയൻ ദുരിതങ്ങൾ അവസാനിപ്പിക്കൽ, ഗാസയിലേക്ക് നിയന്ത്രണങ്ങളില്ലാത്ത മാനുഷിക സഹായം എത്തിക്കൽ, സാമ്പത്തിക പുനർനിർമ്മാണം, ഫലസ്തീൻ അതോറിറ്റിക്ക് ഗാസയിൽ ചുമതലകൾ പുനരാരംഭിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കൽ എന്നിവ എത്രയും വേഗം നടപ്പാക്കണം. 1967-ലെ അതിർത്തികളോടെ, കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന് വേണ്ടി, യു.എൻ. രക്ഷാസമിതി പ്രമേയം 2803-ഉം മറ്റ് ബന്ധപ്പെട്ട പ്രമേയങ്ങളും പൂർണ്ണമായി നടപ്പാക്കാൻ യു.എസുമായും മറ്റ് പങ്കാളികളുമായും സഹകരിക്കാനുള്ള സന്നദ്ധത ഈ എട്ട് രാജ്യങ്ങളും ആവർത്തിച്ചു.



