ദോഹ – പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനും ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഖത്തറിലെ ജനറല്‍ ടാക്‌സ് അതോറിറ്റി മധുരപാനീയങ്ങള്‍ക്ക് എക്‌സൈസ് നികുതി നടപ്പാക്കാന്‍ തുടങ്ങി. നികുതിക്ക് വിധേയമായ പാനീയങ്ങളിലോ ഉല്‍പ്പന്നങ്ങളിലോ ചേര്‍ക്കുന്ന പഞ്ചസാരയുടെയോ മധുരത്തിന്റെയോ അളവ് അടിസ്ഥാനമാക്കി ശ്രേണിപരമായ മാതൃക ഉപയോഗിച്ചാണ് നികുതി കണക്കാക്കുന്നത്. ഇതനുസരിച്ച് കൂടുതല്‍ പഞ്ചസാരയും മധുരവും അടങ്ങിയ പാനീയങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയും പഞ്ചസാരയും മധുരവും കുറഞ്ഞ പാനീയങ്ങള്‍ക്ക് കുറഞ്ഞ നികുതിയും ബാധകമാണ്.
ശീതളപാനീയങ്ങള്‍, പഞ്ചസാര ചേര്‍ത്ത ജ്യൂസുകള്‍ എന്നിവ പോലുള്ള പഞ്ചസാര ചേര്‍ത്ത പാനീയങ്ങളും, കോണ്‍സെന്‍ട്രേറ്റുകള്‍, പൊടികള്‍, എക്‌സ്ട്രാക്റ്റുകള്‍ മറ്റ് സമാനമായ ഉല്‍പ്പന്നങ്ങള്‍ പോലെ പഞ്ചസാരയോ മധുരങ്ങളോ അടങ്ങിയ പാനീയങ്ങളാക്കി മാറ്റാന്‍ കഴിയുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്ന നിലക്ക്, നികുതിക്ക് വിധേയമായ എക്‌സൈസ് ഉല്‍പ്പന്നങ്ങളുടെ ഷെഡ്യൂളില്‍ ഭേദഗതി വരുത്തി എക്‌സൈസ് നികുതി നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന 2026 ലെ നിയമം (2) അനുസരിച്ചാണ് മധുരപാനീയങ്ങള്‍ക്കുള്ള പുതിയ എക്‌സൈസ് നികുതി സംവിധാനം നടപ്പാക്കുന്നതെന്ന് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
എക്‌സൈസ് നികുതി ബാധകമായ ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചിരിക്കുന്ന എല്ലാവരും നികുതി പ്ലാറ്റ്ഫോം വഴി പരിവര്‍ത്തന നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി കൂട്ടിചേർത്തു. നികുതി നല്‍കേണ്ട ഉല്‍പ്പന്നങ്ങളുടെ ഇന്‍വെന്ററി വെളിപ്പെടുത്തുന്നതിന് ഈ റിട്ടേണ്‍ ആവശ്യമാണ്. തങ്ങളുടെ പക്കലുള്ള മൊത്തം ശേഖരം 2,00,000 ലിറ്ററില്‍ കുറവാണെങ്കില്‍, നികുതി അടക്കാതെ റിട്ടേണ്‍ സമര്‍പ്പിക്കണം. എന്നാല്‍ മൊത്തം ഇന്‍വെന്ററി 2,00,000 ലിറ്ററോ അതില്‍ കൂടുതലോ ആണെങ്കില്‍, ബാധകമായ നികുതി അടക്കുന്നതിനൊപ്പം ഇന്‍വെന്ററി അളവ് വിശദീകരിക്കുന്ന ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. നികുതി കണക്കുകൂട്ടല്‍ ഇന്‍വെന്ററിയുടെ അളവ് അടിസ്ഥാനമാക്കി മാത്രമല്ല, മറിച്ച് ജ്യൂസുകളിലും പാനീയങ്ങളിലും പഞ്ചസാരയുടെയോ ചേര്‍ത്ത മധുരത്തിന്റെയോ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയാണെന്ന് അതോറിറ്റി വ്യക്തമാക്കി.
എല്ലാ ഉല്‍പ്പന്നങ്ങളും നികുതി നല്‍കേണ്ടതില്ലാത്ത, കുറഞ്ഞ അളവില്‍ മധുരം ചേര്‍ത്ത വിഭാഗങ്ങളില്‍ പെടുന്നുവെങ്കില്‍ നികുതി അടക്കേണ്ട തുക പൂജ്യമായിരിക്കും. ഇന്‍വെന്ററിയില്‍ ഇടത്തരമോ ഉയര്‍ന്ന അളവിലോ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് മാത്രമേ നികുതി കണക്കാക്കൂ. ജൂലൈ 6 മുതല്‍ 90 ദിവസത്തിനുള്ളില്‍ നികുതി പ്ലാറ്റ്ഫോം വഴി റിട്ടേണുകള്‍ സമര്‍പ്പിക്കാനും റിട്ടേണ്‍ സമര്‍പ്പിക്കല്‍ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ബാധകമായ നികുതി അടക്കാനും അതോറിറ്റി നികുതിദായകരോട് ആവശ്യപ്പെട്ടു.
ക്യാനുകളിലും ടെട്രാപാക്കുകളിലും കുപ്പികളിലുമായി പാക്കേജുചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതി ബാധകം. ഫ്രഷ് ജ്യൂസുകള്‍, ചായ, കാപ്പി എന്നിവ പോലെ ശരിയായ പാക്കേജിംഗ് ഇല്ലാതെ ഉടനടി ഉപഭോഗത്തിനായി തയ്യാറാക്കിയതും അന്തിമ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുന്നതുമായ പാനീയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. സമൂഹികാരോഗ്യം പ്രോത്സാഹിപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന നിലക്ക്, ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറക്കാനും നിര്‍മ്മാതാക്കളെ അവരുടെ ഉല്‍പ്പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ പ്രോത്സാഹിപ്പിക്കാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമാണ് മധുരപാനീയങ്ങള്‍ക്കുള്ള എക്‌സൈസ് നികുതിയെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി പറഞ്ഞു.



