റിയാദ് – സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയും സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനവുമായ റിയാദ് എയര്‍, അടുത്ത മാസം മുതല്‍ റിയാദില്‍ നിന്ന് മുംബൈയിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും. മുംബൈ സര്‍വീസുകള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന കമ്പനി ആരംഭിച്ചു. ഓഗസ്റ്റ് 4 ന് റിയാദ് എയര്‍ മുംബൈ സര്‍വീസിന് തുടക്കം കുറിക്കും. ഈ സുപ്രധാന റൂട്ട്, സൗദി അറേബ്യയെ പ്രധാന ആഗോള, പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുക എന്ന റിയാദ് എയറിന്റെ ദൗത്യം ശക്തിപ്പെടുത്തുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. റിയാദ് എയര്‍ സര്‍വീസ് നടത്തുന്ന ഒമ്പതാമത്തെ ലക്ഷ്യസ്ഥാനമാണ് മുംബൈ.
റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും മുംബൈയിലെ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും ഇടയില്‍ ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് കമ്പനി പ്രതിദിന സര്‍വീസുകള്‍ നടത്തുക. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണികളിലൊന്നായ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് റിയാദ് എയറിന്റെ തന്ത്രപരമായ നീക്കമാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന യാത്രാ ആവശ്യകത ഇത് നിറവേറ്റുകയും ബിസിനസ്സ് യാത്ര സുഗമമാക്കുകയും ചെയ്യും. പുതിയ റൂട്ട് ആഗോള ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയില്‍ റിയാദിന്റെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തുകയും മുംബൈയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലണ്ടന്‍, മാഡ്രിഡ് പോലുള്ള പ്രധാന അന്താരാഷ്ട്ര തലസ്ഥാനങ്ങളിലേക്ക് നേരിട്ട് കണക്ഷന്‍ നല്‍കുകയും ചെയ്യും.
കഴിഞ്ഞ മാസം റിയാദ് എയര്‍ അതിന്റെ വളരുന്ന ശൃംഖലയിലേക്ക് രണ്ട് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കൂടി ചേര്‍ത്തു. സ്‌പെയിനിലെ മലഗ, മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂര്‍ എന്നിവിടങ്ങളിലേക്ക് പ്രതിവാരം മൂന്ന് സര്‍വീസുകള്‍ വീതമാണ് കമ്പനി നടത്തുന്നത്. വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സഹായിക്കാനും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഭൂഖണ്ഡങ്ങളായ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ തന്ത്രപരമായ സ്ഥാനത്തിന് കരുത്തുപകരാനും സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ദേശീയ വിമാന കമ്പനികളുടെ മത്സരശേഷി വര്‍ധിപ്പിക്കാനുമായി 2023 മാര്‍ച്ച് 12 നാണ് റിയാദ് എയര്‍ സ്ഥാപിച്ചത്.



