കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപം തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ. സംഭവത്തിൽ രണ്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. കനത്ത മണ്ണും പാറയും ഇടിഞ്ഞുവീണ് മീനാക്ഷി പാലം അപകടാവസ്ഥയിലായി. പ്രദേശത്ത് ആളുകളും വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അപകടത്തിൽപ്പെട്ട 4 പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
മണ്ണിടിച്ചിലിനെത്തുടർന്ന് മേപ്പാടി – ചൂരൽമല റോഡിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പ്രദേശത്ത് തുടർ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ സമീപവാസികളെ അടിയന്തരമായി ഒഴിപ്പിച്ചു വരികയാണ്. കൽപ്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ ഫയർഫോഴ്സ് സംഘങ്ങളും ദേശീയ ദുരന്തപ്രതികരണ സേനയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖ് മുഖ്യമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ റവന്യൂ, കൃഷി മന്ത്രിമാരോട് അടിയന്തരമായി വയനാട്ടിലെത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 264 മില്ലിമീറ്റർ അതിതീവ്ര മഴയാണ് മേപ്പാടിയിൽ പെയ്തിറങ്ങിയത്. കനത്ത മഴ തുടരുന്നത് നിലവിൽ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇത്രയധികം മഴ പെയ്തിട്ടും റെഡ് അലേർട് പ്രഖ്യാപിക്കാത്തതിന് എതിരെ വിമർശനങ്ങൾ ഉയർന്നുണ്ട്.



