റിയാദ്- സൗദി അറേബ്യയിലെ തെക്കൻ നഗരങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ യമനിലെ ഹൂത്തികൾക്കെതിരെ ഒറ്റക്കെട്ടായി അറബ് രാജ്യങ്ങൾ. വ്യോമാക്രമണത്തെ അറബ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ് ഹൂത്തികൾ നടത്തിയതെന്നും പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണ് അവരെന്നും ജി.സി.സി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി പ്രതികരിച്ചു.
സ്ത്രീകളും കുട്ടികളും അടക്കമുള്ള സിവിലിയന്മാരെ ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തിയ ഈ ആക്രമണം സൗദിയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു
ഹൂത്തികളുടെ ആക്രമണം അന്താരാഷ്ട്ര-മാനവിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ സുരക്ഷ തങ്ങളുടെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയ കുവൈത്ത്, ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ആഗോള ഊർജ്ജ വിതരണത്തിനും നേരെ ഹൂത്തികൾ ഉയർത്തുന്ന ഭീഷണിയെയും അപലപിച്ചു.
ഖത്തറിന് പൂര്ണ പിന്തുണ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി
ഹൂത്തികളുടെ നടപടി വലിയ പ്രകോപനമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. സ്വന്തം മണ്ണും പൗരന്മാരെയും സംരക്ഷിക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ പ്രതിരോധ- സൈനിക നടപടികൾക്കും ബഹ്റൈൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഹൂത്തികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ യു.എൻ രക്ഷാസമിതിയോട് ബഹ്റൈൻ ആവശ്യപ്പെടുകയും ചെയ്തു. ഖത്തർ, ലബനാൻ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.
