റിയാദ്: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ-ഥാനിയുമായി ഫോൺ സംഭാഷണത്തിൽ, ഖത്തറിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികളെയും സൗദി അറേബ്യ പിന്തുണക്കുമെന്ന് കിരീടാവകാശി വ്യക്തമാക്കി.
ഇസ്രയേലിന്റെ ആക്രമണത്തെ ക്രിമിനൽ പ്രവൃത്തിയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും എന്ന് വിശേഷിപ്പിച്ച് സൗദി കിരീടാവകാശി ശക്തമായി അപലപിച്ചു. “ഖത്തറിലെ സഹോദരങ്ങളെ പിന്തുണക്കാനും അവരുടെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കാനും സൗദി അറേബ്യ എല്ലാ ശേഷികളും വിനിയോഗിക്കും,” അദ്ദേഹം പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രാലയവും ഖത്തറിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രസ്താവന പുറപ്പെടുവിച്ചു. ഇസ്രയേലിന്റെ ഹീനമായ ആക്രമണം മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും, അന്താരാഷ്ട്ര നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ ആഗോള സമൂഹം ഇടപെടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വെടിനിർത്തൽ ചർച്ചക്കുള്ള ഹമാസ് പ്രതിനിധി സംഘം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതായി രണ്ട് ഹമാസ് വൃത്തങ്ങൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. ഖലീൽ അൽ-ഹയ്യ, സാഹിർ ജബാരീൻ, ഖാലിദ് മിശ്അൽ, നിസാർ അവദുല്ല തുടങ്ങിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്ന് ഖത്തർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.