റിയാദ്- സൗദി അറേബ്യയിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾക്ക് നേരെ ഹൂത്തി ഭീകരസംഘം നടത്തിയ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അബഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്റാൻ എന്നീ നഗരങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 ഓളം സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. ഇവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.
ദക്ഷിണ സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണങ്ങളുണ്ടായതായി സൗദി ഊർജ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തെ തുടർന്ന് ചില കേന്ദ്രങ്ങളിൽ തീപിടുത്തമുണ്ടാവുകയും തുടർന്ന് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. പ്രത്യേക ഫീൽഡ് ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എണ്ണ വ്യവസായ കേന്ദ്രങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനവും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയ്ക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയുമാണെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. യെമന്റെയും സമീപ അറബ്-ഇസ്ലാമിക രാജ്യങ്ങളുടെയും സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഹൂത്തികളുടെ ശത്രുതാപരമായ നിലപാടുകളെയും സമാധാന ശ്രമങ്ങളെ നിരസിക്കുന്ന സ്വഭാവത്തെയും തള്ളിക്കളയുന്നതായും സൗദി വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും ദേശീയ ആസ്തികളും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ തങ്ങൾക്ക് നിയമാനുസൃതമായ അവകാശമുണ്ടെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഭീഷണിയുടെ ഉറവിടങ്ങളെ നേരിടാൻ സഖ്യസേന സജ്ജമാണെന്നും, ഇത്തരം ആക്രമണങ്ങൾ തുടർന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതായും രാജ്യം അറിയിച്ചു.







