സൻആ- ബാബൽ മന്ദബ് കടലിടുക്കിൽ ഹൂത്തികൾ പിടിമുറുക്കിയതോടെ യമനിൽ നിന്ന് കൂട്ടപ്പലായനം. 24 മണിക്കൂറിനുള്ളിൽ 1400ഓളം പേർ അയൽ രാജ്യമായ ജിബൂട്ടിയിലെത്തിയതായി ജിബൂട്ടി സാമ്പത്തിക, ധന മന്ത്രി ഇല്യാസ് മൂസ ദവാലെ പറഞ്ഞു.
യമനെയും ജിബൂട്ടിയെയും വേർതിരിക്കുന്ന ബാബലൽ മന്ദബ് കടലിടുക്ക് വഴി വളരെ ചെറിയ ബോട്ടുകളിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ ജിബൂട്ടിയിലെ ഒബോക്ക് തീരത്തേക്ക് വരുന്നത്. യമൻ തീരത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ മാത്രം അകലെയാണ് ഒബോക്ക് എന്ന ചെറുനഗരം സ്ഥിതി ചെയ്യുന്നത്. പലായനം ചെയ്തെത്തുന്നവരെ പാർപ്പിക്കാൻ അൽ മർകാസി പോലുള്ള പ്രത്യേക അഭയാർത്ഥി ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ കണക്കുകൾ പ്രകാരം പതിനായിരക്കണക്കിന് യമൻ അഭയാർത്ഥികളാണ് നിലവിൽ ജിബൂട്ടിയിലുള്ളത്.
ചെങ്കടൽ തീരവും മോഖയും പിടിച്ചെടുത്ത് ഹൂത്തികൾ; ബാബ് അൽമന്ദബ് കടലിടുക്കിൽ ഭീതി
ആഭ്യന്തര യുദ്ധത്തെ തുടർന്ന് 2026 ജൂലൈ മുതൽ യമനിൽ നിന്ന് 76,000ത്തിലധികം പേർ പലായനം ചെയ്തതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അധികൃതർ പറഞ്ഞു.
എത്യോപ്യ, സൊമാലിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക കുടിയേറ്റക്കാർ ജിബൂട്ടി വഴി യമനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പോകാൻ ശ്രമിക്കുമ്പോൾ തന്നെയാണ്, ആഭ്യന്തര യുദ്ധം കാരണം യമനികൾ ഇതേ കടൽമാർഗ്ഗം വഴി തിരിച്ച് ജിബൂട്ടിയിലേക്ക് പലായനം ചെയ്യുന്നത്.
