റിയാദ്: മലയാളികളുടെ ഫ്ലാറ്റിൽ ഒരു സംഘം അതിക്രമിച്ചുകയറി താമസക്കാരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു മോഷണം നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി റിയാദിലെ നസീമിലാണ് സംഭവം. പാലക്കാട് പട്ടാമ്പി നെല്ലിക്കാട്ടിൽ ഇസ്മായിൽ, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവരെയാണ് പരിക്കേൽപ്പിച്ചത്. ഇവർ റിയാദ് പോലീസിൽ പരാതി നൽകി.
സിഗരറ്റ് മൊത്ത വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർ. റൂമിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഇവരുടെ വാഹനങ്ങൾ കുത്തിത്തുറന്ന് ആറു ലക്ഷം റിയാലിന്റെ സിഗരറ്റും മൂന്നു ലക്ഷം റിയാലും കവർച്ച നടത്തിയിട്ടുണ്ട്. ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ശിഹാബിന്റെ 40000 റിയാലും നഷ്ടമായി. ഇവിടെയുണ്ടായിരുന്ന മൊബൈലുകളും ലാപ്ടോപുകളും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ടൊയോട്ട ഹായിസ് വാനും കൊറോള കാറും നഷ്ടപ്പെട്ടിരുന്നു. മൊത്തം 10 ലക്ഷം റിയാലിന്റെ നഷ്ടമാണുള്ളത്.
എല്ലാവരും ഉറങ്ങിക്കിടക്കവെ രാത്രി 2.30നാണ് പാകിസ്ഥാനികളും അറബ് വംശജരുമുൾപ്പെടെയുള്ള പതിനഞ്ചോളം പേർ ഫ്ലാറ്റിലെത്തിയത്. തുടർന്ന റൂമിലുള്ളവരെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച മർദ്ദിച്ചവശരാക്കിയ ശേഷം കവർച്ച നടത്തുകയായിരുന്നു. കവർച്ച ചെയ്യപ്പെട്ട വാഹനങ്ങൾ ജി.പി.എസ് ട്രാക്ക് ചെയ്ത് പിന്നീട് കണ്ടെത്തി. ഏതാനും പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശംസീറും ഹാരിസും വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് പോയി. വിദേശികൾ ഉൾപ്പെട്ട സംഘം നടത്തുന്ന കവർച്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കണ്ണൂർ ജില്ല കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ ഇർഷാദ് കായക്കൂൽ പറഞ്ഞു.







