വാഷിംഗ്ടൺ- തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ഇറാന്റെ പുതിയ പദ്ധതിക്ക് പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇയുടെ പിന്തുണയുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. യു.എസ് ഈ നിർദ്ദേശം അംഗീകരിക്കുകയും തങ്ങളുടെ ബാധ്യതകൾ നിറവേറ്റുകയും ചെയ്താൽ ഇറാനും തങ്ങളുടെ ബാധ്യതകൾ നിറവേറ്റുമെന്ന് പെസെഷ്കിയാൻ സി.ബി.എസ് ബ്രോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആഗോള എണ്ണ വിതരണത്തിന് നിർണ്ണായകമായ ഈ കടലിടുക്ക്, യു.എസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഏഴ് മാസത്തോളമായി സ്തംഭനാവസ്ഥയിലാണ്.
പുതിയ പദ്ധതി തയാറാക്കാൻ പരമോന്നത നേതാവുമായി ഏകോപനം നടത്തിയിട്ടുണ്ടെന്ന് പെസെഷ്കിയാൻ പറഞ്ഞു. യു.എസ് ഇത് അംഗീകരിക്കുകയും ബാധ്യതകൾ നിറവേറ്റുകയും ചെയ്താൽ, ഞങ്ങളും അത് ചെയ്യും. ഇക്കാര്യത്തിൽ ഒരു പ്രശ്നവുമുണ്ടാകില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ ആറംഗ സംഘം ചർച്ചകൾക്കായി ഒത്തുചേരുന്നുണ്ടെന്നും അവർക്ക് തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഉണ്ടെന്നും സൈന്യം, പാർലമെന്റ്, സർക്കാർ എന്നിവയുൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഈ സംഘത്തിലുണ്ടെന്നും പെസെഷ്കിയാൻ പറഞ്ഞു.
ന്യൂയോർക്കിലെ യു.എസ്- ഇറാൻ ചർച്ചകൾ: തെഹ്റാനിൽ അഭിപ്രായഭിന്നതകൾ
ഇറാന്റെ നിർദ്ദേശത്തോട് അമേരിക്ക ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, മിഡിൽ ഈസ്റ്റിലെ എല്ലാ ശത്രുതാപരമായ നടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഈ പദ്ധതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂണിൽ യു.എസുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ തന്നെയാണ് ഈ പദ്ധതിയിലുമുള്ളതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. കുറഞ്ഞത് 12 ബില്യൺ ഡോളർ മൂല്യമുള്ളതെന്ന് കണക്കാക്കപ്പെടുന്ന, മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകുക, ഇറാൻ എണ്ണക്കെതിരായ ഉപരോധം നീക്കുക, ഇറാനെതിരായ യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇതിലെ പ്രധാന ആവശ്യങ്ങൾ.
മുസ്ലിം ലോകത്തെ ഏകീകരിക്കുന്നതിൽ സൗദി അറേബ്യക്ക് പങ്കു വഹിക്കാൻ കഴിയുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉറപ്പിച്ചു പറഞ്ഞു. പ്രാദേശിക രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും സംഭാഷണത്തിലൂടെ തർക്കങ്ങൾ പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. യെമനിലെ സംഭവങ്ങൾക്ക് ഇറാനുമായി ബന്ധമില്ലെന്ന് അൽജസീറയ്ക്ക് നൽകിയ പ്രസ്താവനകളിൽ പെസെഷ്കിയാൻ അവകാശപ്പെട്ടു. യെമൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ സഹായിക്കാൻ ഇറാൻ തയ്യാറാണ്. മേഖലയിൽ യുദ്ധങ്ങൾക്ക് തിരുകൊളുത്തുന്നതിൽ ഇറാൻ പങ്കാളിയാകില്ല.
പരമോന്നത നേതാവ് മുജ്തബ ഖാംനഇക്ക് തുടർച്ചയായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഖാംനഇയുമായി താൻ ഏഴ് മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു ഡോക്ടർ എന്ന നിലയിൽ തന്റെ വീക്ഷണകോണിൽ നിന്ന് ഖാംനഇയുടെ അവസ്ഥ താൻ നിരീക്ഷിച്ചതായും ആരോഗ്യപ്രശ്നത്തിന്റെ ഒരു സൂചനയും ശ്രദ്ധയിൽപ്പെട്ടില്ലെന്നും പെസെഷ്കിയാൻ പറഞ്ഞു. നീണ്ട യോഗത്തിൽ ഉടനീളം പരമോന്നത നേതാവിന് ചർച്ച തുടരാൻ കഴിഞ്ഞതായും പ്രസിഡന്റ് പറഞ്ഞു. ഇറാൻ പരമോന്നത നേതാവായി സ്ഥാനമേറ്റതിനുശേഷം മുജ്തബ ഖാംനഇ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ പരാമർശം.
ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ പുതിയ കരാർ നിർദ്ദേശിക്കുകയും അത് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന് ഗുണം ചെയ്തേക്കാമെന്ന് സൂചിപ്പിക്കുകയും ചെയ്തതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിനെ ട്രംപ് കടലിടുക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ചിത്രം ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ ചിന്താഗതി വ്യക്തമാക്കുന്ന ആദ്യത്തെ പരസ്യ സൂചനയായിരുന്നു ഇത്. ഇറാനുമായുള്ള വിഷയത്തിൽ മധ്യസ്ഥരുമായി യു.എസ് ഉദ്യോഗസ്ഥർ ക്രിയാത്മകവും ഗുണകരവുമായ ചർച്ചകൾ നടത്തുന്നുണ്ടെന്ന് മാത്രമാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. ആഴ്ചയുടെ തുടക്കത്തിൽ, ഇറാൻ യു.എസുമായി മണിക്കൂറുകളോളം നീണ്ട പരോക്ഷ ചർച്ചകൾ നടത്തിയിരുന്നു.
