കുവൈത്ത് സിറ്റി- വഫ്റ കാർഷിക മേഖലയിൽ മറ്റ് റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായും സാഹസികമായും വാഹനം ഓടിച്ചതിന് നാല് പേരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്ന അഭ്യാസപ്രകടനങ്ങൾക്കായി ഈ മേഖലയിൽ ആളുകൾ ഒത്തുകൂടിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ വിഭാഗം ഇവരെ പിടികൂടിയത്. അഭ്യാസപ്രകടനങ്ങൾക്കായി ഉപയോഗിച്ച വാഹനങ്ങൾ പ്രതികൾ വിവിധ ഫാമുകളിലായി ഒളിപ്പിച്ചിരുന്നതായി അന്വേഷണത്തിലും നിരീക്ഷണത്തിലും കണ്ടെത്തി.
പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആന്റ് ഫിഷ് റിസോഴ്സസുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും അഞ്ച് കാറുകൾ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അവരെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം, അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ചതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചതിനും ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം പിടിച്ചെടുത്ത അഞ്ച് വാഹനങ്ങളും തകർത്തു. ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്ന ആർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും, റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണം തുടരുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
