കാഠ്മണ്ഡു: നേപ്പാളിലെ നുവാകോട്ട്, ധാഡിങ് ജില്ലകളിൽ ഭോട്ടേ കോശി നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ എട്ടുപേർ മരണപ്പെട്ടു. 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായി. ടിബറ്റൻ അതിർത്തി മേഖലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കമാണ് അതിർത്തി ഗ്രാമങ്ങളെ മുക്കിയതെന്ന് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നായി എട്ടു മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് വക്താവ് (ഡി.ഐ.ജി) അബിനാരായൺ കാഫ്ലെ സ്ഥിരീകരിച്ചു.
ദുരന്തബാധിത മേഖലയിൽ നിന്ന് 291 വിദേശികളും 93 നേപ്പാൾ സ്വദേശികളും ഉൾപ്പെടെ 384 സഞ്ചാരികളെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. ഇതിൽ 105 പേർ ഇന്ത്യക്കാരാണ്. കാണാതായവരിൽ 26 നേപ്പാൾ പോലീസുകാരും ഏഴ് ആംഡ് പോലീസ് ഫോഴ്സ് (APF) ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കി വരികയാണെന്ന് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
ബുധനാഴ്ചയുണ്ടായ ശക്തമായ പ്രളയത്തിൽ മേഖലയിലെ ഗതാഗത-വൈദ്യുതി സംവിധാനങ്ങൾ പൂർണ്ണമായി തകർന്നു. രസുവഗാഢി, ചിലിമെ, ത്രിശൂലി 3A, ത്രിശൂലി 3B ഹബ് സബ്സ്റ്റേഷൻ, ത്രിശൂലി, ദേവിഘട്ട് തുടങ്ങി പ്രധാനപ്പെട്ട ആറോളം ജലവൈദ്യുത പദ്ധതികൾക്കും ട്രാൻസ്മിഷൻ കേന്ദ്രങ്ങൾക്കും തകരാർ സംഭവിച്ചതായി നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി അറിയിച്ചു. ഇതോടെ മേഖലയിലുടനീളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. നിരവധി ദേശീയപാതകളും അടച്ചു.
ദുരന്ത സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു. റെഡ് ക്രോസ്, സ്കൗട്ട്സ്, മെഡിക്കൽ ടീമുകൾ എന്നിവരുമായി ഏകോപിപ്പിച്ച് ആവശ്യമായ എല്ലാ നടപടികളും ആരംഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
അതിർത്തി മേഖലയിലെ നദീതീരങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.







