അങ്കാറ– അമേരിക്കയുടെ സമ്മർദ്ധങ്ങൾക്കും ഭീഷണികൾക്കും വഴങ്ങികൊണ്ട് യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുഎസുമായുള്ള ചർച്ചകളുടെ കാര്യത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇറാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വശത്ത് ഉപരോധങ്ങളും ഭീഷണികളും ഉയർത്തുകയും മറുവശത്ത് ചർച്ചക്ക് വിളിക്കുകയും ചെയ്യുന്ന അമേരിക്കയുടെ വൈരുദ്ധ്യ സമീപനത്തെ അദ്ദേഹം ശക്തമായി വിമർശിക്കുകയും ചെയ്തു. സമാധാന ചർച്ചകൾക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ അമേരിക്ക നയം തിരുത്തിയാൽ മാത്രമേ പ്രായോഗികമായ മാറ്റങ്ങൾ ഉണ്ടാവുകയുള്ളുവെന്ന് ഇറാൻ നിലപാട് വ്യക്തമാക്കി.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കേണ്ടത് അത്യാവശ്യമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ അഭിപ്രായപ്പെട്ടു. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ തെറ്റായിരിക്കുമെന്നും നയതന്ത്രപരമായ ചർച്ചകളിലൂടെ ഉപരോധങ്ങൾ നീക്കി ഇറാന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാനെ ആക്രമിക്കാൻ ഇസ്രായിൽ അമേരിക്കയുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും ഇത്തരം പ്രകോപനങ്ങളിൽ അമേരിക്ക വിവേകത്തോടെ പ്രവർത്തിക്കുമെന്നും തുർക്കി വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. യുഎസിനും ഇറാനും ഇടയിൽ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ സന്നദ്ധനാണെന്ന സൂചനയും തുർക്കി നൽകിയിട്ടുണ്ട്.



