തിരുവനന്തപുരം: വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും, പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് സൗജന്യമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്താവനയിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ദുരന്തമുഖത്ത് നിലവിൽ രക്ഷാപ്രവർത്തനങ്ങൾക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുമാണ് പ്രഥമ പരിഗണന നൽകേണ്ടത്. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, മുഴുവൻ പേരെയും പുറത്തെടുക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ ഉണ്ടാകണം. ദുരന്തനിവാരണത്തിനായി സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇത്രയും വലിയൊരു അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ദുരന്തവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ടിയിരുന്ന മുൻകരുതലുകളിലോ അടിയന്തര നടപടികളിലോ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ കുറ്റകരമായ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് സർക്കാർ ഗൗരവപൂർവ്വം പരിശോധിക്കണം. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പിണറായി വിജയൻ അറിയിച്ചു.
അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നതായും അധികൃതർ വ്യക്തമാക്കി. അഞ്ചു പേരെ ഇനിയും കണ്ടെത്താനുണ്ട്.



