വാഷിംഗ്ടണ്‍ – അമേരിക്കയെ ആക്രമിക്കില്ലെന്ന് യെമനിലെ ഹൂത്തി വിമതര്‍ സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹൂത്തികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും, അമേരിക്കക്കെതിരെ പോരാടില്ലെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞതായി, ട്രംപുമായി പതിവായി സംസാരിക്കാറുള്ള ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ട്രേ യിങ്സ്റ്റ് വെളിപ്പെടുത്തി. മേഖലയിലെ അമേരിക്കന്‍ സൈന്യത്തെ ആക്രമിക്കുന്നതില്‍ നിന്ന് ഹൂത്തികള്‍ വിട്ടുനില്‍ക്കുന്നുണ്ടെന്ന് ട്രംപ് നേരത്തെയും അവകാശപ്പെട്ടിരുന്നു.
ഹൂത്തികള്‍ ഞങ്ങളെ വിളിച്ചിരുന്നു, അവര്‍ക്ക് ഞങ്ങളുമായി പോരാടാന്‍ താല്‍പ്പര്യമില്ല. ഞങ്ങള്‍ അവര്‍ക്കെതിരെ നടപടിയെടുക്കുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല – സെപ്റ്റംബര്‍ 12 ന് അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ ട്രംപ് പറഞ്ഞു. അതിനിടെ, ഇറാന്‍ വിഷയത്തില്‍ ട്രംപ് പുതിയ തീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്തുതന്നെ വലിയ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നതായി ട്രംപ് തന്നോട് പറഞ്ഞതായി യിങ്സ്റ്റ് വെളിപ്പെടുത്തി. ഇറാന്‍ ശരിയായ രീതിയില്‍ പെരുമാറുന്നതാണ് നല്ലത്. അവരുടെ രാജ്യം തകര്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുക്കുകയാണ് എന്നും ട്രംപ് സൂചിപ്പിച്ചതായി യിങ്സ്റ്റ് പറഞ്ഞു.







