മനാമ: ഇറാൻ റവല്യൂഷണറി ഗാർഡിന് വേണ്ടി ചാരവൃത്തി നടത്തിയതിനും രാജ്യത്തിനെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിനും വനിതാ പ്രതിക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ബഹ്റൈനിലെ പരമോന്നത കോടതി ശരിവെച്ചു. പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ബഹ്റൈനിലെ സുപ്രധാന കേന്ദ്രങ്ങളുടെയും തന്ത്രപ്രധാനമായ സൗകര്യങ്ങളുടെയും ചിത്രങ്ങളും ഭൂമിശാസ്ത്രപരമായ വിവരങ്ങളും (കോർഡിനേറ്റുകൾ) പങ്കുവെക്കുകയും, രാജ്യത്തിനെതിരായ ഇറാൻ ആക്രമണങ്ങളെ മഹത്വവൽക്കരിക്കുകയും ചെയ്ത ഒരു ഓൺലൈൻ അക്കൗണ്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസിന് തുടക്കമായത്.
തുടർന്ന് നടന്ന സൈബർ അന്വേഷണത്തിലാണ് അക്കൗണ്ട് ഉടമയായ പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് കേസ് സുപ്രീം ക്രിമിനൽ കോടതിയിലേക്ക് കൈമാറുകയായിരുന്നു. വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു.
ഈ വിധിക്കെതിരെ പ്രതി ആദ്യം അപ്പീൽ കോടതിയെയും പിന്നീട് പരമോന്നത കോടതിയെയും സമീപിച്ചെങ്കിലും ഇരു കോടതികളും അപ്പീലുകൾ തള്ളുകയും വിചാരണ കോടതിയുടെ ശിക്ഷ ശരിവെക്കുകയുമായിരുന്നു.



