ജിദ്ദ: സ്വകാര്യ മേഖലയിലെ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും 15 ശതമാനം സൗദിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങൾക്ക് അനുവദിച്ച സാവകാശ കാലാവധി (ഗ്രേസ് പിരീഡ്) അവസാനിച്ചതോടെയാണിത്. സൗദി പൗരന്മാർക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കാനും കായിക മേഖലയിലെ പ്രത്യേക തസ്തികകളിൽ യോഗ്യതയുള്ള സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.
നിർദ്ദിഷ്ട തസ്തികകളിൽ നാലോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് 15 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയിട്ടുള്ളത്. പുരുഷ, വനിതാ സ്പോർട്സ് സെന്ററുകളിലെയും ജിമ്മുകളിലെയും 12 പ്രൊഫഷനുകളാണ് തീരുമാനത്തിന്റെ പരിധിയിൽ വരുന്നത്. സ്പോർട്സ് കോച്ച്, ഫിറ്റ്നസ് ട്രെയിനർ, പേഴ്സണൽ ട്രെയിനർ, സ്പോർട്സ് സൂപ്പർവൈസർ എന്നിവയ്ക്ക് പുറമെ ഫുട്ബോൾ, റാക്കറ്റ് സ്പോർട്സ്, വാട്ടർ സ്പോർട്സ്, അത്ലറ്റിക്സ്, ഐസ് സ്പോർട്സ്, ഇക്വസ്ട്രിയൻ (കുതിരസവാരി), സെൽഫ് ഡിഫൻസ്, ബോൾ സ്പോർട്സ് എന്നീ വിഭാഗങ്ങളിലെ പ്രൊഫഷണൽ കോച്ചുമാരെയും സൗദിവൽക്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തുടനീളം മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ രംഗത്തിറങ്ങിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ് വഴിയോ 19911 എന്ന ഏകീകൃത നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാവുന്നതാണ്. കായിക മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തെ കായിക മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ തദ്ദേശീയ മാനവ വിഭവശേഷി കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമിടുന്നത്.



