ദമാം/ഷാർജ: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം ‘മുറിവര’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ, പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ നിസാർ ഇൽത്തുമിഷിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
മാധ്യമപ്രവർത്തനത്തിന്റെ വരേണ്യ ഭാവങ്ങൾ വെടിഞ്ഞ് താൻ എഴുതുന്ന വാർത്തകൾക്ക് പിന്നിലെ മനുഷ്യനെ തേടി സഞ്ചരിക്കുന്നു എന്നതാണ് സാജിദ് ആറാട്ടുപുഴയുടെ എഴുത്തുകളിൽ കണ്ട പ്രത്യേകതയെന്ന് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. ഇനിയും പറഞ്ഞുതീരാത്ത അക്ഷയഖനിയാണ് പ്രവാസ അനുഭവങ്ങളെന്നും അതീവ ഹൃദ്യമായ ഭാഷയിൽ അത് പകർത്താൻ കഴിയുന്നതിനാൽ ഈ എഴുത്തുകാരനിൽ നിന്ന് ഇനിയും മികച്ച കൃതികൾ പിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥ പറയുന്നതുപോലെ മനസ്സിൽ തൊടുന്ന ഭാഷയിലാണ് ‘മുറിവര’യുടെ രചനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഹൃദയമുറിവുകളുടെ ഓർമ്മകൾ’ എന്ന വിശേഷണത്തെ അന്വർത്ഥമാക്കുന്ന തരത്തിൽ ഇതിലെ അധ്യായങ്ങൾ ഉള്ളുനീറിയല്ലാതെ വായിച്ചവസാനിപ്പിക്കാൻ കഴിയില്ലെന്ന് നിസാർ ഇൽത്തുമിഷ് പറഞ്ഞു. അലസമായി തുടങ്ങുന്ന വായനയെ പുസ്തകം അവസാനിപ്പിക്കാതെ താഴെവെക്കാൻ കഴിയാത്ത ആകാംക്ഷയിലേക്ക് തള്ളിവിടുന്ന ഭാഷയും ഇതിനെ വേറിട്ടുനിർത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കവിയും എഴുത്തുകാരനുമായ പി. ശിവപ്രസാദ് പുസ്തകത്തെ പരിചയപ്പെടുത്തി. ഹരിതം ബുക്സ് ഡയറക്ടർ പ്രതാപൻ തായാട്ട് ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരികളായ ഗീതാ മോഹനൻ, അബ്ദിയ ഷഫീന, സെറീന ഉമ്മുസമാൻ, എഴുത്തുകാരൻ ബഷീർ തിക്കൊടി, മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, കലാകാരൻ നിസാർ ഇബ്രാഹിം, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി അഡ്വ. വൈ.എ. റഹീം, മനോജ് ഉമേശൻ എന്നിവർ ആശംസകൾ നേർന്നു. ഗായകനും എഴുത്തുകാരനുമായ ഷിഹാബ് കൊയിലാണ്ടി അവതാരകനായിരുന്നു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ നവാസ് പൂനൂർ, ബഷീർ ഞാറക്കാട്ടിൽ, എഴുത്തുകാരി പ്രമദ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



