അബുദാബി– ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ എണ്ണ ടാങ്കറിനു നേരെ ആക്രമണമുണ്ടായതായി അഡ്നോക് ലോജിസ്റ്റിക്സ് ആന്റ് സർവീസസ് സ്ഥിരീകരിച്ചു. നവംബർ 17-ന് വൈകുന്നേരം നടന്ന ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ജീവനക്കാരനെ കാണാതാവുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കപ്പലിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിവരികയാണ്. കാണാതായ ജീവനക്കാരനെ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമാക്കിയിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്കും ജീവനക്കാർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനുമാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് അഡ്നോക് വ്യക്തമാക്കി. നാവികരുടെ സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം കമ്പനി ചൂണ്ടിക്കാട്ടി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ആവർത്തിക്കുന്ന കപ്പൽ ആക്രമണങ്ങൾ സമീപ മാസങ്ങളിൽ അഡ്നോക് കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണ പരമ്പരയുടെ തുടർച്ചയാണിത്. നവംബർ 10-ന് യു.എ.ഇ സമുദ്രാതിർത്തിയിൽ വെച്ച് കമ്പനിയുടെ മറ്റൊരു കപ്പലിനു നേരെയും ആക്രമണമുണ്ടാവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. മേഖലയിൽ സംഘർഷം ആരംഭിച്ചതുമുതൽ ഓഗസ്റ്റ് പകുതി വരെയുള്ള കാലയളവിൽ തങ്ങളുടെ 19 കപ്പലുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും ഈ സംഭവങ്ങളിൽ ഒരാൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അഡ്നോക് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ഒമാനിലെ മുസന്ദം തീരത്ത് മറ്റൊരു ടാങ്കർ കപ്പലിന് തീപിടിച്ചതിനെ തുടർന്ന് 24 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് അറിയിച്ചു. ഈ കപ്പലിൽ നിന്നും ഒരാളെ കാണാതായിട്ടുണ്ട്. കാണാതായ ആൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) സമുദ്ര ലോജിസ്റ്റിക്സ് വിഭാഗമായ അഡ്നോക് ലോജിസ്റ്റിക്സ് ആന്റ് സർവീസസ്, 50-ലധികം രാജ്യങ്ങളിലായി ഊർജ മേഖലയ്ക്ക് ആവശ്യമായ ഷിപ്പിംഗ്, മറൈൻ സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്.



