തെൽഅവീവ്: ഗാസയിൽ ഹമാസിന്റെ പക്കലുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള കരാർ വളരെ നേരത്തെ തന്നെ സാധ്യമാകുമായിരുന്നുവെന്ന് വെളിപ്പെടുത്തി ഇസ്രായേലി മുൻ പ്രധാന ചർച്ചാ പ്രതിനിധിയും മുൻ ജനറലുമായ മേജർ ജനറൽ നിറ്റ്‌സാൻ അലോൺ. അനാവശ്യമായി യുദ്ധം നീട്ടിക്കൊണ്ടുപോയതിനാലാണ് മോചനം വൈകിയതെന്നും ഇത് വലിയൊരു അവസര നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബർ 7ലെ ആക്രമണത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ‘വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസി’ സംഘടിപ്പിച്ച വെബ്കാസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് ഇസ്രായേൽ ‘സമ്പൂർണ്ണ വിജയം’ കൈവരിക്കണമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദം തെറ്റായിരുന്നുവെന്ന് അലോൺ വിമർശിച്ചു. ഒരു വർഷം മുമ്പെങ്കിലും കരാറിലെത്തിയിരുന്നെങ്കിൽ തടവിലായിരിക്കെ കൊല്ലപ്പെട്ട ചില ബന്ദികളെയെങ്കിലും ജീവനോടെ തിരികെ കൊണ്ടുവരാൻ കഴിയുമായിരുന്നു. 74,000ത്തിലധികം ഫലസ്തീനികളുടെ മരണത്തിനിടയാക്കിയ യുദ്ധം ചുരുക്കാനും ഇരുപക്ഷത്തുമുള്ള ആയിരക്കണക്കിന് ജീവനുകൾ രക്ഷിക്കാനും സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
യുദ്ധം അവസാനിപ്പിക്കുന്നത് നെതന്യാഹു അനാവശ്യമായി വൈകിപ്പിച്ചുവെന്ന് മുൻ ഇസ്രായേൽ നയതന്ത്രജ്ഞൻ അലൻ പിങ്കാസും വിമർശിച്ചു. ആക്രമണം നടന്ന തുടക്കത്തിൽ തന്നെ പരിമിതമായ വെടിനിർത്തലിന് പകരമായി ബന്ദികളെ വിട്ടയക്കാമെന്ന ഹമാസിന്റെ നിർദ്ദേശം ഇസ്രായേൽ തള്ളിക്കളഞ്ഞതായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയും വെളിപ്പെടുത്തിയിരുന്നു.
ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന ഇസ്രായേൽ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന ഈ പുതിയ വെളിപ്പെടുത്തലുകൾ രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.







