ഗാസ: ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍, സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഹമാസിന്റെ സൈനിക വിഭാഗത്തിലെ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു. ഗാസ നഗരത്തിന്റെ തെക്ക് പടിഞ്ഞാറുള്ള തെല്‍ അല്‍ഹവാ ഡിസ്ട്രിക്ടില്‍ സിവിലിയന്‍ വാഹനം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് ചിന്നിച്ചിതറിയ നിലയിലായിരുന്നെന്നും ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ എ.എഫ്.പിയോട് പറഞ്ഞു.
ഇസ്രായിലി ഡ്രോണില്‍ നിന്ന് തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ ഇടിച്ചതിനെ തുടര്‍ന്ന് വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചതായി അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഗാസയിലെ അല്‍ശിഫ ആശുപത്രി എമര്‍ജന്‍സി വിഭാഗത്തിലെ വൃത്തങ്ങള്‍ പറഞ്ഞു. ഗാസ സിറ്റിയില്‍ താമസിക്കുന്ന ബറാ അല്‍റൂബി (35), ത്വലാല്‍ ബദവി (38), മുഅ്മിന്‍ അല്‍ഹവാരി (34) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗാസ സിറ്റിയുടെ പടിഞ്ഞാറുള്ള മുനിസിപ്പല്‍ പാര്‍ക്കിന് സമീപം ഇസ്രായിലി യുദ്ധവിമാനങ്ങള്‍ ഒരു കൂട്ടം സാധാരണക്കാരുടെ മേല്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി (വഫാ) റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഗാസ സിറ്റിയിലെ അല്‍ദരജ് ഡിസ്ട്രിക്ടില്‍ മുനിസിപ്പല്‍ പാര്‍ക്കിന് സമീപമുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പ്രവേശന കവാടം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ പറഞ്ഞു. 2023 ഒക്ടോബര്‍ 7 ന് ആക്രമണം ആരംഭിച്ചതിനുശേഷം ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 73,456 ആയി ഉയര്‍ന്നതായും 1,74,496 പേര്‍ക്ക് പരിക്കേറ്റതായും ഗാസ മുനമ്പിലെ മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് വഫാ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ സിറ്റി തീരത്ത് ജോലി ചെയ്യുന്നതിനിടെ ഇസ്രായിലി നാവികസേന നടത്തിയ വെടിവെപ്പില്‍ അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റതായി വഫാ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ തീരത്ത് ജോലി ചെയ്യുന്നതിനിടെ ഇസ്രായിലി സൈനിക ബോട്ടുകള്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഏജന്‍സി പറഞ്ഞു. പരിക്കേറ്റവരില്‍ മൂന്ന് പേരെ ഗാസയിലെ റെഡ് ക്രെസന്റ് സൊസൈറ്റി ഫീല്‍ഡ് ആശുപത്രിയിലേക്കും രണ്ട് പേരെ ഗാസ സിറ്റിയിലെ അല്‍ശിഫ ആശുപത്രിയിലേക്കും മാറ്റിയതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പോരാളികളെയാണ് രണ്ട് വ്യോമാക്രമണങ്ങളിലും ലക്ഷ്യമിട്ടതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ ഹമാസും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും, ഗാസ മുനമ്പില്‍ ഇസ്രായില്‍ സൈന്യം പതിവായി വ്യോമ, പീരങ്കി ആക്രമണങ്ങള്‍ തുടരുന്നു. ഗാസയുടെ 60 ശതമാനത്തിലധികവും ഇപ്പോള്‍ ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ദുര്‍ബലമായ വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഗാസയില്‍ ഇസ്രായിലി ആക്രമണങ്ങളില്‍ കുറഞ്ഞത് 1,318 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് നടത്തുന്ന ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. ഇതേ കാലയളവില്‍ തങ്ങളുടെ അഞ്ച് സൈനികരും ഒരു സിവിലിയന്‍ കോണ്‍ട്രാക്ടറും കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യവും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







