ജിദ്ദ: വേഗക്കരുത്തിന്റെ മറുവാക്ക് – ഡാക്കര്‍ സ്പോര്‍ട്സ് റാലി. ബൈക്കിലും കാറിലും കണ്ണഞ്ചും മിന്നല്‍പ്പിണരുകള്‍ സൃഷ്ടിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങളിപ്പോള്‍ സൗദി അറേബ്യന്‍ മരുഭൂമിയും മലനിരകളും റുബുഹുല്‍ഖാലി (എംപ്റ്റി ക്വാര്‍ട്ടര്‍) ഉള്‍പ്പെടെയുള്ള വിജനമായ മരുക്കാടുകളും താണ്ടിയുള്ള അതിവേഗ സാഹസികസഞ്ചാരങ്ങളിലാണ്.
മലയും മരുഭൂമിയും കീഴടക്കി അവരത്രയും ഈ മാസം 17 ന് ചെങ്കടല്ത്തീരദേശമായ യാമ്പുവില്‍ ഫിനിഷ് ചെയ്യും. സഞ്ജയ് ടകാലെ എന്ന ഇന്ത്യന്‍ അത്ലറ്റ് പ്രാഥമികറൗണ്ടില്‍ സ്പീഡ് കാറ്റഗറിയില്‍ മുന്‍നിരയിലാണെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയുടെ ഡാനിയല്‍ സാന്റേഴ്സ് കാറോട്ട വിഭാഗത്തില്‍ ആദ്യറൗണ്ടില്‍ മുന്നിലെത്തി.


അതിനിടെ ഇക്കഴിഞ്ഞ അഞ്ചു സൗദി ഡാക്കര്‍ റാലികളിലും പങ്കെടുക്കുകയും ഒരു തവണ കിരീടം ചൂടുകയും ചെയ്ത പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിയും മികച്ച റൈഡറുമായ ഹാരിത് നോഹ ആദ്യഘട്ടത്തില്‍ തന്നെ കൈത്തണ്ടയ്ക്ക് സാരമായ പരിക്കേറ്റ് പുറത്തായത് ഇന്ത്യന്‍ ആരാധകരില്‍ നിരാശ പരത്തി, ഷെര്‍കോ റെയ്സിംഗ് ഫാക്ടറിയുടെ ബാനറിലാണ് ഹാരിത് മല്‍സരിച്ചിരുന്നത്.
ഹാരിത് കഴിഞ്ഞ ദിവസം ജിദ്ദയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായി. കഴിഞ്ഞ തവണയും ഹാരിതിനെ നിര്‍ഭാഗ്യം വേട്ടയാടിയിരുന്നു. റെയ്ഡിനിടെ, ബൈക്ക് മറിഞ്ഞ് നട്ടെല്ലിന് പരിക്കേറ്റ് റിയാദ് മരുഭൂമിയില്‍ ഓട്ടം അവസാനിപ്പിക്കേണ്ടി വന്ന ഹാരിതിനെ എയര്‍ആംബുലന്‍സിലാണ് അന്ന് റിയാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2024 ലെ രണ്ട് കാറ്റഗറിയില്‍ (മോട്ടോര്‍ ബൈക്ക് ) ഒന്നാമനായി എത്തിയ ഹാരിത് ഓവറോള്‍ ഇനത്തില്‍ പതിനൊന്നാം സ്ഥാനത്തെത്തി. ചരിത്രത്തിലാദ്യമായിരുന്നു അന്നത്തെ ഡാക്കര്‍ റാാലില് ഒരു ഇന്ത്യക്കാരന് വിജയലക്ഷ്യം കണ്ടത്.
മല്‍സരം പൂര്‍ത്തിയാക്കാനാവാത്തതില്‍ അങ്ങേയറ്റത്തെ വിഷമമുണ്ട്. കഴിഞ്ഞ റാലിയുടെ ആവര്‍ത്തനം. ഇത്തവണ തുടക്കത്തിലേ വിധി തനിക്കെതിരായി.. മുപ്പത്തിരണ്ടുകാരനായ ഹാരിത് നോഹ ദ മലയാളം ന്യൂസിനോട് പറഞ്ഞു. 2024 ലെ റാലി ആരംഭിച്ചത് അല്ഉലായിലായിരുന്നു. പന്ത്രണ്ട് സ്റ്റേജുകളിലായാണ് മല്‍സരം പൂര്‍ത്തിയാവുക.
കഴിഞ്ഞ വര്‍ഷം സൗദിയിലെ ബിഷയില്‍ നിന്നാരംഭിച്ച് ശുബൈയാത്തിലാണ് ഡാക്കര്‍ റാലി സമാപിച്ചത്. ദ വൈല്‍ഡ് ഹാര്‍ട്ട് ഓഫ് ദ ഡെസര്‍ട്ട് – മരുഭൂമിയുടെ വന്യഹൃദയം – എന്ന ടാഗ് ലൈനിലായിരുന്നു ഡാക്കര്‍ റാലി. സ്പെയിന്, ഫ്രാന്‍സ്, മൊറോക്കോ എന്നിവിടങ്ങളിലെ തീവ്രപരിശീലനത്തിനു ശേഷമാണ് ഹാരിത് നോഹ ഇത്തവണ മല്‍സരിക്കാനെത്തിയത്. ഷൊര്‍ണൂരിനടുത്ത കണയം ഗ്രാമത്തിലെ കെ.വി. മുഹമ്മദ് റാഫിയുടേയും ജര്‍മന്‍കാരിയായ സൂസന്നയുടേയും മകനാണ് ഹാരിത് നോഹ.
- .



