കൊൽക്കത്ത: ‘ദി ടെലിഗ്രാഫ്’ പത്രത്തിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി. വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ പാസ്‌പോർട്ട് പ്രിന്റിംഗ് തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. പശ്ചിമ ബംഗാൾ പൊലീസ് പുതിയ വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് റീജിയണൽ പാസ്‌പോർട്ട് ഓഫീസ് പുതുക്കൽ നടപടികളിലേക്ക് കടന്നത്.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ പ്രക്രിയയ്ക്കിടയിൽ പേര് ഒഴിവാക്കപ്പെട്ടു എന്ന കാരണത്താൽ പാസ്‌പോർട്ട് വെരിഫിക്കേഷൻ തടഞ്ഞുവെച്ച പൊലീസ് നടപടിക്കെതിരെ ദേശീയതലത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കൊൽക്കത്ത അഡീഷണൽ പൊലീസ് കമ്മിഷണർ (സ്പെഷ്യൽ ബ്രാഞ്ച്) ധ്രുവജ്യോതി ദേ വ്യക്തമാക്കിയിരുന്നു. റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ബ്രാഞ്ച് അപേക്ഷയുടെ വിശദാംശങ്ങൾ തേടുകയും ചെയ്തിരുന്നു. രാജഗോപാലിന്റെ വിലാസവുമായി ബന്ധപ്പെട്ടാണ് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായതെന്നാണ് പൊലീസ് ഇപ്പോൾ നൽകുന്ന വിശദീകരണം.
2026 ഫെബ്രുവരിയിലാണ് ആർ. രാജഗോപാൽ പാസ്‌പോർട്ട് പുതുക്കുന്നതിനായി അപേക്ഷ നൽകിയത്. എന്നാൽ തൊട്ടുടുത്ത മാർച്ചിൽ നടന്ന എസ്‌ഐആർ പ്രക്രിയയ്ക്കിടയിൽ വോട്ടർപട്ടികയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യപ്പെടുകയായിരുന്നു. തുടർന്ന് മേയ് മാസത്തോടെ, വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനാൽ പാസ്‌പോർട്ട് വെരിഫിക്കേഷൻ നടത്താനാകില്ലെന്ന് കൊൽക്കത്ത പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അദ്ദേഹത്തെ അറിയിച്ചു. ദീർഘകാലമായി സാധുതയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരുന്നിട്ടും നേരിടേണ്ടി വന്ന ഈ അനാവശ്യ സങ്കീർണ്ണതകൾ കാരണം അടുത്തിടെ അമേരിക്കയിൽ നടന്ന തന്റെ ഏക മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
വിഷയം വൻ രാഷ്ട്രീയ-മാധ്യമ ചർച്ചകൾക്ക് വഴിതുറന്നതോടെ സമ്മർദ്ദം ശക്തമായി. കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് നേരിട്ട് കത്തയച്ച് അടിയന്തര ഇടപെടൽ തേടിയിരുന്നു. തുടർന്ന് കൊൽക്കത്ത പാസ്‌പോർട്ട് ഓഫീസ് രാജഗോപാലുമായി ബന്ധപ്പെടുകയും പുതിയ വെരിഫിക്കേഷൻ നടത്താൻ പൊലീസിനോട് ആവശ്യപ്പെടുകയുമായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്‌ക്കെതിരെ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും, കേരളം ആസ്ഥാനമായുള്ള ‘വേക്ക് അപ്പ് കേരള’ എന്ന സിവിക് ഗ്രൂപ്പും ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.
കൂടാതെ, സി.പി.എം എം.പി ജോൺ ബ്രിട്ടാസ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ച് ഈ നടപടിയെ ചോദ്യം ചെയ്തു. വോട്ടർപട്ടിക പുതുക്കുന്നതിനുള്ള ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമാണ് എസ്‌ഐആർ എന്നും, പൗരത്വം നിർണ്ണയിക്കാനുള്ള അധികാരം ഇന്ത്യൻ ഇലക്ഷൻ കമ്മീഷന് ഇല്ലെന്നും വ്യക്തമാക്കുന്ന സുപ്രീം കോടതിയുടെ മുൻ നിരീക്ഷണങ്ങൾ അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചു.
തന്റെ വ്യക്തിപരമായ പാസ്‌പോർട്ട് പ്രശ്നം പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും, ഭരണകൂടം ഇതിലൊരു നയപരമായ വ്യക്തത വരുത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ആർ. രാജഗോപാൽ. വോട്ടർപട്ടിക പരിശോധനയും പാസ്‌പോർട്ടിനായുള്ള പൊലീസ് വെരിഫിക്കേഷനും തമ്മിൽ എന്തെങ്കിലും നിയമപരമായ ബന്ധമുണ്ടോ എന്നും, ഇല്ലെങ്കിൽ ഒരു അപേക്ഷകനെ മാസങ്ങളോളം ബുദ്ധിമുട്ടിക്കാൻ കാരണമെന്തെന്നും ഭരണകൂടം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. തന്റെ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാമെങ്കിലും, സാധാരണക്കാരായ പൗരന്മാർക്ക് ഇത്തരമൊരു ദുരവസ്ഥ ഇനി ഉണ്ടാകില്ലെന്ന് ഭരണകൂടം ഉറപ്പുനൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



