ന്യൂഡല്‍ഹി– ഇസ്രായില്‍-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇസ്രായിലില്‍ നിന്ന് 36 മലയാളികള്‍ ന്യൂഡല്‍ഹിയിലെത്തി. ഡല്‍ഹി പാലം വിമാനത്താവളത്തിലാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സി17 വിമാനത്തില്‍ ഇവരെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരെല്ലാം കേരളത്തിലേക്ക് പുറപ്പെട്ടതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
തിരുവന്തപുരം സ്വദേശികളായ ദിവ്യ മറിയം, ശ്രീഹരികേഷ്, ജോബി ഐസക്, ഭാര്യ മേഘ മറിയം, മകന്‍ എഫ്രേം ജോസഫ്, കൊല്ലം സ്വദേശികളായ ലക്ഷ്മി രാജഗോപാല്‍, ഗിജാ സിജു, ആലപ്പുഴ സ്വദേശിയായ സൂരജ് രാജന്‍, എറണാകുളം സ്വദേശികളായ ഐബി ജോര്‍ജ്, റീന ജോസഫ്, ഏലിയാമ്മ ഇമ്മാനുവേല്‍, തെരേസിന്‍, പുഷ്പ മാത്യു, മഹാലക്ഷ്മി നാഗ സുബ്രഹ്‌മണ്യന്‍, ഫിളോം ഷിബു, കോട്ടയം സ്വദേശികളായ ത്രേസ്യ ബാബു, ഷീജാ വര്‍ഗീസ്, ഇടുക്കിയിലെ മേഘ വിന്‍സന്റ്, മകന്‍ ഹെയ്‌സല്‍, അഞ്ജു ജോസ്, സലോമി കുര്യാക്കോസ്, സുമേഷ് ശിവന്‍, ഭാര്യ അശ്വതി സുന്ദരേശന്‍, ശ്രീരാജ് സുധീന്ദ്രന്‍, തൃശൂരില്‍ നിന്നുള്ള ശൈലൈന്ദ്രകുമാര്‍, ഭാര്യ നിഷ, വയനാട്ടിലെ അരുണ്‍കുമാര്‍, അന്നമ്മ ജോസഫ്, ജോസഫ് വിന്‍സന്റ്, ഭാര്യ അനു മരിയ, ജിഷ്ണു നാരായണന്‍, മലപ്പുറം സ്വദേശികളായ ആഷാ ജെയിംസ്, മഹ്‌റൂഫ് കളത്തിങ്കല്‍, കാസര്‍ക്കോട് സ്വദേശി അഭിഷേക് കാര്‍ലെ, കണ്ണൂര്‍ സ്വദേശികളായ അരുണ്‍ കൃഷ്ണന്‍, റാഷിക് എന്നിവരാണ് ന്യൂഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ന് രാവിലെ ഇസ്രായിലില്‍ നിന്ന് 224 പേര് കൂടി തിരിച്ചെത്തിയിരുന്നു. വ്യോമസേനയുടെ വിമാനത്തില്‍ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെത്തിച്ച ഇന്ത്യക്കാരെ കേന്ദ്രമന്ത്രി ശോഭ കരന്തലാജെ സ്വീകരിച്ചു.
ഇരു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ ഇതേവരെ തിരിച്ചെത്തിയവര്‍ 2,894 പേര്‍ ആണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇസ്രായിലില്‍ നിന്ന് 854 പേരാണ് ഇതുവരെ തിരിച്ചെത്തിയത്.
ഇറാനിലെ മഷാദില്‍ നിന്നും 282 പേരുമായുള്ള വിമാനവും ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു. നേപ്പാളില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ളവരേയും തിരികെ എത്തിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച ഇറാനില്‍ നിന്നുള്ള ഒരു പ്രത്യേക വിമാനവും ഇന്ത്യയിലെത്തിയിരുന്നു. ് 280 ലധികം ഇന്ത്യക്കാരെയാണ് അന്ന് തിരിച്ചെത്തിച്ചത്. വിദ്യാര്‍ത്ഥികളും സന്ദര്‍ശകരും തീര്‍ത്ഥാടകരുമടങ്ങുന്ന സംഘത്തെ മഹാന്‍ എയര്‍ വിമാനം വിമാനത്തിലാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. യാത്രക്കാരില്‍ ജമ്മു കശ്മീരില്‍ നിന്നുള്ള 200 ലധികം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇറാനിലേക്ക് സിയാറത്തിനായി പോയ നിരവധി തീര്‍ത്ഥാടകരും സംഘത്തിന്റെ ഭാഗമായിരുന്നു. സുരക്ഷിതമായി തിരിച്ചെത്തിയതില്‍ ആശ്വാസവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ട് പലരും വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ പതാകകള്‍ വീശി. വളരെ വേഗത്തിലും സമയബന്ധിതവുമായിരുന്നു തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ഇടപെടലെന്ന് ഇവര്‍ അറിയിച്ചു.