തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ല നിലവിലുള്ളതെന്നും, പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ഇതിന് പിന്നിൽ അതീവ ഗൗരവമുള്ള കാര്യങ്ങളുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
വടക്കേ ഇന്ത്യയിൽ ഉൾപ്പെടെ നല്ല മഴ ലഭിച്ചതോടെ രാജ്യത്താകെ വൈദ്യുതി ലഭ്യത മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ സർക്കാരും മുഖ്യമന്ത്രിയും വൈദ്യുതി പ്രതിസന്ധിയെന്നാണ് പറയുന്നത്. കെഎസ്ഇബിയും വകുപ്പ് മന്ത്രിയും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.
കരാർ ഒപ്പിടാൻ തീരുമാനിച്ചത് താനാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് വകുപ്പും മന്ത്രിയും ബോർഡും? പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോൾ അതിൽ എന്തോ ഒളിച്ചുവെക്കാനുണ്ടെന്ന് പിണറായി കുറ്റപ്പെടുത്തി.
സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് വൈദ്യുതി വാങ്ങേണ്ടത്. നല്ല കഴിവുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ രാജമാണിക്യം കാര്യങ്ങൾ പരിശോധിച്ചപ്പോൾ ക്രമക്കേടുകൾ ബോധ്യപ്പെടുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ തങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയാണ് സർക്കാർ ചെയ്തത്.
കെഎസ്ഇബിക്കോ രാജമാണിക്യത്തിനോ എതിർപ്പില്ലെന്ന വാദം കത്ത് പുറത്തുവന്നതോടെ തെറ്റാണെന്ന് വ്യക്തമായി. രാജ്യത്തെ കുത്തക കമ്പനികളുടെ താല്പര്യം സംരക്ഷിക്കാനാണോ ഇത്തരം കൃത്രിമ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.



