കുവൈത്ത് സിറ്റി- കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ ഏവിയേഷൻ ജീവനക്കാർ ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്നതിനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനും പൂർണ്ണ വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ എയർപോർട്ടിലെ മുഴുവൻ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകി സർക്കുലർ പുറപ്പെടുവിച്ചു.
മൊബൈൽ ഫോണുകൾ, ക്യാമറകൾ തുടങ്ങിയവ ഉപയോഗിച്ച് വിമാനത്താവളത്തിനുള്ളിൽ നിന്ന് ചിത്രങ്ങൾ പകർത്തുന്നതും ലൈവ് സ്ട്രീമിംഗ് നടത്തുന്നതും സർക്കുലർ വഴി നിരോധിച്ചിട്ടുണ്ട്.
എയർപോർട്ട് ആപ്രണുകൾ, പാസഞ്ചർ ടെർമിനലുകൾ, അഡ്മിനിസ്ട്രേറ്റീവ്-ടെക്നിക്കൽ കെട്ടിടങ്ങൾ തുടങ്ങി സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങൾക്കും നിരോധനം ബാധകമാണ്. കൂടാതെ ആന്തരിക രേഖകൾ, സുരക്ഷാ നടപടിക്രമങ്ങൾ, പരിശോധനാ പോയിന്റുകൾ, നിരീക്ഷണ ക്യാമറകൾ, വിമാന നീക്കങ്ങൾ, പ്രവർത്തന രീതികൾ എന്നിവ ചിത്രീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും പൂർണ്ണമായി തടഞ്ഞിട്ടുണ്ട്.



