ജിദ്ദ- സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സൗദി അറേബ്യ തങ്ങള്‍ക്ക് 5,100 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൂത്തികള്‍ ആവശ്യപ്പെട്ടെന്ന നിലക്ക് അമേരിക്കന്‍ പത്രമായ ദി വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച അവകാശവാദങ്ങള്‍ സൗദി വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും ഹൂത്തികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന അവകാശവാദം ശുദ്ധ ഭാവനയാണെന്നും റിപ്പോര്‍ട്ടിന്റെ രചയിതാക്കളോ അവരുടെ സ്രോതസ്സുകളോ കെട്ടിച്ചമച്ചതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹൂത്തികൾ ഉന്നയിച്ചതായി അവകാശപ്പെടുന്ന ആവശ്യങ്ങളെ കുറിച്ച് ദി വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച അവകാശവാദങ്ങള്‍ ഞാന്‍ നിഷേധിക്കുന്നു. ഇതെല്ലാം അടിസ്ഥാനരഹിതവും ലേഖനത്തിന്റെ രചയിതാക്കളുടെയോ അവരുടെ സ്രോതസ്സുകളുടെയോ ഭാവനയുമാണ് – പത്രത്തിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ചുകൊണ്ട് പബ്ലിക് ഡിപ്ലോമസി കാര്യങ്ങള്‍ക്കുള്ള വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി റായിദ് ക്രിംലി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു.
അമേരിക്കന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടിന് ശക്തമായ മറുപടിയായി, യെമനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെ ഹൂത്തികള്‍ നടത്തിയ അതിക്രമങ്ങളുടെ ചരിത്രം ക്രിംലി പരാമര്‍ശിച്ചു. ഹൂത്തികള്‍ യെമന്‍ സര്‍ക്കാരിനെതിരെ അട്ടിമറിക്കുകയും രാജ്യത്ത് വ്യാപകമായ പട്ടിണി സൃഷ്ടിക്കുകയും യെമനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാത്ത സംഘര്‍ഷങ്ങളിലേക്കും അജണ്ടകളിലേക്കും രാജ്യത്തെ വലിച്ചിഴക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ചെങ്കടല്‍ ജലപാതകളില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയും സിവിലിയന്‍, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണങ്ങള്‍ നടത്തുന്ന ഹൂത്തികള്‍ എല്ലാ സമാധാന ശ്രമങ്ങളെയും നിരാകരിക്കുന്നു. യെമനിലെ നിയമാനുസൃത ഗവണ്മെന്റിനെ കുറിച്ച് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. നിയമപരമായ യെമന്‍ ഗവണ്മെന്റിനെ അവഗണിക്കരുത്. യെമനില്‍ അംഗീകൃത ഗവണ്മെന്റുണ്ടെന്ന് ഞങ്ങള്‍ എഴുത്തുകാരെ ഓര്‍മ്മിപ്പിക്കുന്നു എന്ന് റിപ്പോര്‍ട്ടിന്റെ രചയിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് ക്രിംലി പറഞ്ഞു.
വ്യാഴാഴ്ച വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് മറുപടിയായാണ് സൗദിയുടെ ഈ നിഷേധം വന്നത്. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തുന്നതിന് പകരമായി സൗദി അറേബ്യ 5,100 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും യെമനിലെ ഔദ്യോഗിക ഭരണാധികാരികളായി തങ്ങളെ അംഗീകരിക്കണമെന്നും ഹൂത്തികള്‍ ആവശ്യപ്പെട്ടതായാണ് ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.



