അഹമ്മദാബാദ്- അറബിക്കടലിൽ വെച്ച് ഇറാനിയൻ ബോട്ടിൽ നിന്ന് 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന 526 കിലോഗ്രാം മെത്താംഫെറ്റമിനും ഹെറോയിനും പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഗുജറാത്ത് എ ടി എസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് വൻ ലഹരിക്കടത്ത് പിടികൂടിയത്.
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ വെച്ചാണ് ഓപ്പറേഷൻ നടത്തിയത്. അഞ്ച് പാകിസ്താൻ സ്വദേശികളെയും സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കടലിൽ വെച്ച് ബോട്ട് വളഞ്ഞത്. പിടിച്ചെടുത്ത ബോട്ട്, മയക്കുമരുന്ന് ശേഖരം, പ്രതികൾ എന്നിവരെ സായുധ സുരക്ഷയോടെ മുംബൈ തീരത്തെത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യും.
