ദുബായ്- ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലെ പൈലറ്റുമാർ തമ്മിലുള്ള കൈയ്യാങ്കളിയിൽ ഒരു പൈലറ്റിന് കുത്തേറ്റു. വിമാനം അടിയന്തരമായി സൗദി അറേബ്യയിൽ ലാൻഡ് ചെയ്യേണ്ടി വന്ന സംഭവത്തിന് പിന്നിൽ പൈലറ്റുമാർ തമ്മിലുള്ള തർക്കമാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഒരു പൈലറ്റിന് കുത്തേറ്റ വിവരം പുറത്തുവന്നത്.
എഫ് ഇസഡ് 1073 ബോയിംഗ് 737 വിമാനത്തിലാണ് ഈ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കോക്ക്പിറ്റിൽ വെച്ച് വിമാനത്തിലെ രണ്ട് പൈലറ്റുമാർ തമ്മിൽ കടുത്ത തർക്കവും ശാരീരികമായ കൈയേറ്റവും ഉണ്ടാകുകയായിരുന്നു. തർക്കത്തിനിടയിൽ ഒരു പൈലറ്റ് സഹ പൈലറ്റിനെ പോക്കറ്റ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കോക്ക്പിറ്റിന് സമീപം രക്തക്കറകൾ കണ്ടതായി ചില യാത്രക്കാർ സാക്ഷ്യപ്പെടുത്തി. എന്നാൽ ഇവരുടെ പരിക്കുകൾ എത്രത്തോളം ആഴമുള്ളതാണെന്നതിനെക്കുറിച്ച് എയർലൈൻസോ സുരക്ഷാ ഏജൻസികളോ കൃത്യമായ മെഡിക്കൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വിമാനം താഴേക്ക് പതിക്കുന്നതിനിടയിൽ കോക്ക്പിറ്റ് വാതിൽ ബലമായി തുറന്ന് ജീവനക്കാരും ചില യാത്രക്കാരും ചേർന്നാണ് അക്രമം നടത്തിയ പൈലറ്റിനെ കീഴ്പ്പെടുത്തിയതും കെട്ടിയിട്ടതും.
അതേസമയം, പൈലറ്റുമാരിലൊരാൾ വിമാനം തകർക്കാൻ ശ്രമിച്ച പൈലറ്റിനെയാണ് കുത്തിയതെന്നും, തുടർന്ന് സഹ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു എന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിനുള്ളിൽ രക്തക്കറകൾ കണ്ടതായി യാത്രക്കാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
നേരത്തേ വിമാനം ഹൈജാക്ക് ചെയ്തുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. പിന്നീട് ഇതൊരു ഹൈജാക്കിംഗ് അല്ലെന്നും പൈലറ്റുമാർ തമ്മിലുള്ള പശ്നമാണെന്നും സുരക്ഷാ ഏജൻസികൾ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് വിമാനം വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി വഴിതിരിച്ചുവിട്ട് ലാൻഡ് ചെയ്യുകയായിരുന്നു.
