ജറൂസലേം- ജൂത ആഘോഷമായ സുക്കോട്ടിന്റെ അഞ്ചാം ദിവസം അധിനിവേശ കിഴക്കൻ ജറൂസലേമിലെ അൽ അഖ്സ മസ്ജിദിലേക്ക് പോലീസ് സംരക്ഷണത്തിൽ ഇരച്ചുകയറി ഇസ്രയേലി കുടിയേറ്റക്കാർ.
ഇസ്രയേലി മുൻ പാർലമെന്റ് അംഗവും സെഹുത്ത് പാർട്ടി നേതാവുമായ മോശെ ഫീഗ്ലിൻ മസ്ജിദ് കോമ്പൗണ്ടിൽ ജൂത ആചാരങ്ങൾ അനുഷ്ഠിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രയേലി മാധ്യമങ്ങൾ പുറത്തുവിട്ടു.
മസ്ജിദ് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറിയ സംഘം ജൂതമത ആചാരങ്ങളും പ്രാർത്ഥനകളും നടത്തുകയും നൃത്തം ചെയ്യുകയും ചെയ്തു. അന്താരാഷ്ട്രതലത്തിൽ നിലനിൽക്കുന്ന ‘സ്റ്റാറ്റസ് കോ’ കരാർ പ്രകാരം അൽ അഖ്സ മസ്ജിദിൽ പ്രാർത്ഥന നടത്താൻ മുസ്ലിങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ജൂതന്മാർ ഉൾപ്പെടെയുള്ള മറ്റ് മതസ്ഥർക്ക് സന്ദർശിക്കാൻ അനുവാദമുണ്ടെങ്കിലും അവിടെ പ്രാർത്ഥനാ ചടങ്ങുകൾ നടത്താൻ നിയമമില്ല.
