ദുബൈ– കേരളത്തിൻ്റെ സർവ്വ മേഖലയിലും ഉള്ള വളർച്ചയിൽ നിർണായ പങ്കുവഹിച്ചവരാണ് കടൽ കടന്ന മലയാളികളെന്ന് എം എൻ കാരശ്ശേരി മാസ്റ്റർ. പുരുഷന്മാരെ പോലെ ഈ വളർച്ചയിൽ സ്ത്രീകളുടെ പങ്കും വിലപ്പെട്ടതാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സ്ത്രീകളുടെ കുടിയേറ്റം കേരളത്തിൻ്റെ അടിത്തട്ടിലെ സാമൂഹ്യ ജീവിതത്തെ സ്വാധീനിച്ചതാണെന്നും എന്നാൽ മലയാളിയുടെ കുടിയേറ്റ ജീവിതത്തിന് പ്രവാസത്തേക്കാൾ പഴക്കമുള്ളത് ആഭ്യന്തരമായി നടന്ന കുടിയേറ്റമാണെന്നും കാരശ്ശേരി മാസ്റ്റർ പറഞ്ഞു. അത്തരം ജീവിതാവസ്ഥയെ ആവിഷ്കരിച്ചത് എസ് കെ പൊറ്റക്കാടിന്റെ വിഷകന്യക എന്ന നോവൽ ആയിരുന്നു.
ദുബൈ വടകര എൻ ആർ ഐ സംഘടിപ്പിച്ച കടത്തനാട് സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു കാരശ്ശേരി മാസ്റ്റർ. പരിപാടിയിൽ കാരശ്ശേരി മാഷും കുട്ടികളും എന്ന ഒന്നാമത്തെ സെക്ഷനിൽ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ മോഡറേറ്റർ ആയിരുന്നു. തുടർന്ന് “കടൽ കടന്ന കേരളം” എന്ന വിഷയത്തിൽ കാരശ്ശേരി മാസ്റ്റർ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന് ശേഷം നടന്ന സംവാദം ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി രമൽ നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് ഇക്ബാൽ ചെക്യാട് അധ്യക്ഷത വഹിച്ചു.
പ്രഥമ കടത്തനാട്ട് മാധവിയമ്മ പുരസ്കാരം കവിയും പ്രഭാഷകനുമായ കെ ഗോപിനാഥന് കാരശ്ശേരി മാസ്റ്റർ സമർപ്പിച്ചു. ക്യാഷ് അവാർഡ് അഡ്വക്കേറ്റ് അസീസ് തുലേരി നൽകി. തുടർന്ന് ഓർമ്മക്കുറിപ്പ് രചനാ മത്സരത്തിൽ വിജയികളായ ഫാത്തിമ ദോഫാർ, രമേഷ് പെരുമ്പിലാവ്, അനസ് മാള എന്നിവർക്ക് കാരശ്ശേരി മാസ്റ്റർ പുരസ്കാരവും ഭാസ്കരൻ കെ പി, പുഷ്പജൻ എന്നിവർ പ്രശസ്തി പത്രവും നൽകി.
ഓർമ്മത്തുരുത്ത് എന്ന പുസ്തകത്തിൻ്റെ പ്രകാശനം കാരശ്ശേരി മാസ്റ്റർ സുലൈമാൻ മതിലകത്തിന് നൽകി നിർവഹിച്ചു. ബഷീർ തിക്കോടി പുസ്തക പരിചയപ്പെടുത്തി. 2025ലെ എൻ ആർ ഐ കൂട്ടായ്മയുടെ മികച്ച പ്രവർത്തകനുള്ള പുരസ്കാരം സുഷീൽ കുമാറിന് കാരശ്ശേരി മാസ്റ്റർ നൽകി. പരിപാടിയിൽ കടത്തനാട് മാധവിയമ്മ പുരസ്കാരത്തെക്കുറിച്ച് കെ എം പാറക്കടവും രചനാ മത്സരത്തെക്കുറിച്ച് ഇ കെ ദിനേശനും പുസ്തക പ്രസാധനത്തെക്കുറിച്ച് മനോജ് കെ വിയും വിശദീകരിച്ചു. ജിജു കാർത്തികപള്ളി, ചന്ദ്രൻ കൊയിലാണ്ടി, ഷാജി എ എം, മൊയ്‌ദു പേരാമ്പ്ര എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് ഏറാമല നന്ദിയും പറഞ്ഞു.



