അബുദാബി: സെന്‍ട്രല്‍ ദുബായില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി അവകാശപ്പെട്ട് തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം വിപുലീകരിച്ചു. വ്യാജ വിവരങ്ങൾ അടങ്ങിയ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്ന് യു.എ.ഇ അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഡോ. ഹമദ് സെയ്ഫ് അല്‍ശാംസി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ടറുടെ മൊഴി പബ്ലിക് പ്രോസിക്യൂഷന്‍ രേഖപ്പെടുത്തി. കൂടാതെ, റിപ്പോര്‍ട്ട് തയ്യാറാക്കിയവരും അത് പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയവരുമായ മുഴുവൻ ആളുകളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നിയമപരവും പ്രൊഫഷണലുമായ മാനദണ്ഡങ്ങൾ ഇവർ പാലിച്ചിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. വ്യാജ വാർത്ത പിന്‍വലിച്ച് വാര്‍ത്താ ഏജന്‍സി ക്ഷമാപണം നടത്തിയെങ്കിലും അത് അന്വേഷണം തുടരുന്നതിന് തടസ്സമാകില്ലെന്നും, നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും ഡോ. ഹമദ് സെയ്ഫ് അല്‍ശാംസി കൂട്ടിച്ചേര്‍ത്തു.




