ജിദ്ദ: ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ മത്സരം ആവേശം ചോരാതെ പ്രവാസി ഫുട്ബോൾ ആരാധകർക്ക് മുന്നിലെത്തിക്കാൻ ജിദ്ദയിൽ ബിഗ് സ്ക്രീൻ ഒരുക്കി സംഘാടകർ. ജിദ്ദയിലെ പ്രമുഖ ഫുട്ബോൾ സംഘാടകരായ എൻ.കെ സോക്കർ ഫെസ്റ്റ്, ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി, ഷാസ് ഇവന്റ് സൗണ്ട് സിസ്റ്റം എന്നിവർ സംയുക്തമായാണ് ജിദ്ദയിലെ ഏറ്റവും വലിയ എൽ.ഇ.ഡി വാൾ അൽ അബീർ റൂഫ് ടോപ്പിൽ ഒരുക്കുന്നത്. ഫൈനൽ മത്സരത്തിന്റെ വീറും വാശിയും ഒട്ടും ചോരാതെ ആസ്വാദകരിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മത്സരം ബിഗ് സ്ക്രീനിൽ ആസ്വദിക്കുന്നതിനൊപ്പം, വിജയികളെ പ്രവചിച്ച് ആകർഷകമായ സമ്മാനങ്ങൾ നേടാനും കാണികൾക്ക് അവസരമുണ്ട്. ഈ ലോകകപ്പ് ഫൈനൽ അവിസ്മരണീയമാക്കാൻ എല്ലാ ഫുട്ബോൾ പ്രേമികളെയും അൽ അബീർ റൂഫ് ടോപ് ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.




