ടെഹ്‌റാൻ: പാകിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി ഒപ്പുവെച്ച ‘ഇസ്ലാമാബാദ് ധാരണാപത്രം’ പ്രകാരമുള്ള എല്ലാ പ്രതിബദ്ധതകളും നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. യു.എസ് തങ്ങളുടെ പ്രതിജ്ഞകൾ ലംഘിച്ചെന്നും സൈനിക ആക്രമണങ്ങൾ തുടർന്നെന്നും ആരോപിച്ചാണ് ഇറാന്റെ നിർണായക നീക്കം.
ഇറാൻ നിയമ-അന്താരാഷ്ട്ര കാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിരുന്ന സാഹചര്യത്തിലാണ് അവർ സൈനിക നടപടികളിലേക്ക് കടന്നതെന്നും, ഇത് ധാരണാപത്രത്തിന്റെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ കരാറിലെ വ്യവസ്ഥകൾ ഇനി നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തിന്റെ ശക്തമായ പ്രതിരോധവും ആക്രമണകാരികൾക്ക് മറുപടി നൽകലുമാണ് ഇറാന്റെ ഇപ്പോഴത്തെ മുൻഗണനയെന്നും കൂട്ടിച്ചേർത്തു.
സൈനിക നടപടികളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്ന് തെളിയിക്കുന്ന തിരിച്ചടി യു.എസിന് ഇറാനിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഗരീബാബാദി അവകാശപ്പെട്ടു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് വിവേകമുണ്ടെങ്കിൽ സംഘർഷം ലഘൂകരിക്കാനുള്ള വഴികൾ തിരഞ്ഞെടുക്കണം. നിലവിലെ ഘട്ടത്തിൽ സ്വന്തം ഭൂപ്രദേശം സംരക്ഷിക്കുക, ആക്രമണങ്ങളോട് പ്രതികരിക്കുക എന്നിവ മാത്രമാണ് ഇറാന് മുന്നിലുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇസ്ലാമാബാദ് മെമ്മോറാണ്ടത്തിൽ ഉൾപ്പെട്ടിരുന്ന പ്രതിബദ്ധതകളുടെയോ നിർത്തിവെച്ച വകുപ്പുകളുടെയോ കൃത്യമായ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
മേഖലയിലെ സൈനിക നടപടികൾ അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ വിശാലമായ ഒത്തുതീർപ്പിലെത്താനും ലക്ഷ്യമിട്ടാണ് പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഈ ധാരണ രൂപപ്പെട്ടിരുന്നത്. വെടിനിർത്തൽ സ്ഥിരപ്പെടുത്താനും ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി വീണ്ടും തുറക്കാനുമുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ കരാറിന്റെ വ്യാഖ്യാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടക്കം മുതൽ ഇതിന് ഭീഷണിയായിരുന്നു.
ഇറാനിൽ യു.എസ് ആക്രമണം ശക്തമാക്കുകയും, ഇതിന് പ്രതികാരമായി ഗൾഫ് മേഖലയിലെ ലക്ഷ്യങ്ങളിലേക്ക് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ അനിശ്ചിതത്വത്തിലാവുകയും രാഷ്ട്രീയ ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾക്ക് മങ്ങലേൽക്കുകയും ചെയ്തു. ചർച്ചകൾ ഇനി മുന്നോട്ട് പോകണമെങ്കിൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുകയും ഇസ്ലാമാബാദ് മെമ്മോറാണ്ടം അടിസ്ഥാനമാക്കിയുള്ള ഗ്യാരണ്ടികൾ ഇരുപക്ഷവും വീണ്ടും അംഗീകരിക്കുകയും ചെയ്യേണ്ടി വരും.




