ജിദ്ദ- ജിദ്ദയിലെ അൽ-ഖൂസൈൻ മാർക്കറ്റ് പരിസരത്തുള്ള ജീർണ്ണിച്ച കടകളുടെയും സമീപത്തെ കെട്ടിടങ്ങളുടെയും ഉടമസ്ഥർക്ക് രണ്ട് മാസത്തിനകം ഒഴിഞ്ഞുപോകാണമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി നോട്ടീസ് നൽകി. കെട്ടിടങ്ങളുടെ ജീർണ്ണാവസ്ഥ കണക്കിലെടുത്തും, തകർന്നുവീഴാനുള്ള സാധ്യത മുൻകൂട്ടി കണ്ടുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
നോട്ടീസ് ലഭിച്ച തീയതി മുതൽ 60 ദിവസത്തെ നിയമപരമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് അൽ-ജനൂബ് സബ്-മുനിസിപ്പാലിറ്റി മേധാവി ഇബ്രാഹിം അൽ-സുലാമി വ്യക്തമാക്കി. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഫീൽഡ് വർക്ക് പ്ലാൻ സുഗമമായി നടപ്പിലാക്കുന്നതിനും വേണ്ടി സമീപത്തെ കെട്ടിട ഉടമകളെ നിർദ്ദിഷ്ട നടപടിക്രമങ്ങളെല്ലാം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഞ്ചിനീയറിംഗ് സംഘം നേരത്തെ തന്നെ ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നതായും, ഈ കടകളുടെ ഘടനാപരമായ അവസ്ഥ സുരക്ഷിതമല്ലെന്ന് പരിശോധനാ ഫലം തെളിയിച്ചതായും അൽ-സുലാമി പറഞ്ഞു. നിലവിലുള്ള അവസ്ഥയിൽ ഈ കെട്ടിടങ്ങൾ നിലനിർത്തുന്നത് വഴിപോക്കരുടെ പൊതുസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാണെന്നും, അതിനാൽ ഇവ പൊളിച്ചുനീക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമായി വന്നതായും അദ്ദേഹം വ്യക്തമാക്കി.
വിവിധ പ്രദേശങ്ങളിലെ ജീർണ്ണിച്ച കെട്ടിടങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിനുള്ള കാമ്പെയ്‌നുകൾ തുടരുമെന്ന് ജിദ്ദ നഗരസഭ സ്ഥിരീകരിച്ചു. നഗരസൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും കാഴ്ചയിലെ വൈരൂപ്യങ്ങൾ ഇല്ലാതാക്കുന്നതിനുമായി അംഗീകൃത നിയമനടപടികൾ പാലിച്ചാണ് ഈ ശ്രമങ്ങൾ നടക്കുന്നത്. അതോടൊപ്പം പൊതു-സ്വകാര്യ സ്വത്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇതിൽ മുൻഗണന നൽകുന്നതെന്നും നഗരസഭ വ്യക്തമാക്കി.




