വാഷിംഗ്ടൺ: ജോർദാനിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനിടെ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം – CENTCOM) ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന അമേരിക്കൻ സൈനികരുടെ എണ്ണം ഇതോടെ 16 ആയി. 430-ലധികം സൈനികർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.
ജൂലൈ 17-ന് നടന്ന ആക്രമണത്തിലാണ് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് പെന്റഗൺ വ്യക്തമാക്കി. ഒരു സൈനികനെ കാണാതായിട്ടുമുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ നാല് അമേരിക്കൻ സൈനികരെ ജോർദാനിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. നിസ്സാര പരിക്കേറ്റ മറ്റ് സൈനികർ ഇതിനകം ജോലിയിൽ തിരികെ പ്രവേശിച്ചതായും പ്രസ്താവനയിൽ പറയുന്നു. മരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ ഔദ്യോഗികമായി വിവരമറിയിച്ച് 24 മണിക്കൂർ കഴിയുന്നതുവരെ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ലെന്ന് സെന്റ്‌കോം അറിയിച്ചു.
മുന്നറിയിപ്പുമായി ഇറാൻ
ഇറാനിലെ ആക്രമണങ്ങൾ അമേരിക്ക തുടർന്നാൽ ‘മറക്കാനാവാത്ത പാഠം’ അമേരിക്ക പഠിക്കേണ്ടിവരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ മുന്നറിയിപ്പ് നൽകി. യുദ്ധം ആരംഭിച്ചതിനുശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത അദ്ദേഹം, എക്‌സിലൂടെയാണ് (X) പ്രതികരണം നടത്തിയത്. യുദ്ധം പ്രകോപിപ്പിക്കാനാണ് അമേരിക്കൻ ശത്രുക്കൾ ശ്രമിക്കുന്നതെന്നും ഇതിന്റെ അനന്തരഫലങ്ങൾ അവർ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച കരാർ തികച്ചും ‘മൂല്യമില്ലാത്തതും അസാധുവായതുമാണെന്നും’ ഖമേനി പറഞ്ഞു.
മങ്ങുന്ന നയതന്ത്ര സാധ്യതകൾ
പുതിയ സംഭവവികാസങ്ങളോടെ മേഖലയിൽ നയതന്ത്ര പരിഹാരത്തിനുള്ള സാധ്യതകൾ കൂടുതൽ മങ്ങുകയാണ്. ഇറാനിലെ നിരീക്ഷണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, ഭൂഗർഭ ആയുധ സംഭരണികൾ എന്നിവയ്ക്ക് നേരെ തുടർച്ചയായ ഏഴാം ദിവസവും ആക്രമണം നടത്തിയതായി യു.എസ് സൈന്യം നേരത്തെ അറിയിച്ചിരുന്നു.
ഇതിന് ശക്തമായ തിരിച്ചടിയായാണ് കുവൈത്ത്, ഇറാഖ്, ബഹ്‌റൈൻ, ജോർദാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തിയത്. ശനിയാഴ്ച ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിലെ ഒരു വാട്ടർ ഡീസാലിനേഷൻ പ്ലാന്റിനും എണ്ണ കേന്ദ്രത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
ജോര്‍ദാനില്‍ യു.എസ് വിമാനങ്ങള്‍ തകര്‍ത്തതായി ഇറാന്‍
തെഹ്‌റാന്‍ – ജോര്‍ദാനിലെ അസ്‌റഖിലുള്ള യു.എസ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് യു.എസ് വിമാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഇന്ന് അറിയിച്ചു. ജോര്‍ദാനിലെ അസ്‌റഖിലുള്ള യു.എസ് താവളത്തിലെ ശത്രുസൈന്യ സ്ഥാനങ്ങളില്‍ ഇറാന്‍ എയ്റോസ്പേസ് ഫോഴ്സ് ഒരേസമയം മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് യുദ്ധവിമാനങ്ങളും മറ്റ് മൂന്ന് യു.എസ് വിമാനങ്ങളും ഞങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തു. മറ്റേതാനും വിമാനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയതായും റെവലൂഷണറി ഗാര്‍ഡ് പറഞ്ഞു. ബൂഷെഹര്‍, ഹോര്‍മോസ്ഗാന്‍ പ്രവിശ്യകളില്‍ പ്രധാന റോഡുകളിലെ പാലങ്ങളും സ്ഥാപനങ്ങളും അമേരിക്ക ആക്രമിച്ചതായും ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇറാന്‍ അധികൃതര്‍ നേരത്തെ അറിയിച്ചു




