റിയാദ്- അധിനിവേശ കിഴക്കൻ ജറൂസലേമിലെ അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിലേക്ക് യഹൂദർ അതിക്രമിച്ചുകയറിയതിൽ അപലപിച്ച് സൗദി അറേബ്യ. ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് നേരെയുള്ളപ്രകോപനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയിൽ സേനയുടെ സംരക്ഷണയിൽ യഹൂദ കുടിയേറ്റക്കാർ മസ്ജിദ് കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറിയത് നഗ്നമായ ലംഘനമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഫലസ്തീനികൾക്കും പുണ്യസ്ഥലങ്ങൾക്കും നേരെ ഇസ്രയിലി ഉദ്യോഗസ്ഥർ നടത്തുന്ന പ്രകോപനപരമായ നടപടികളെയും അക്രമപ്രവർത്തനങ്ങളെയും പൂർണ്ണമായും തള്ളിക്കളയുന്നുവെന്ന നിലപാട് സൗദി ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ലംഘിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം നിറവേറ്റണമെന്ന് സൗദി ആഹ്വാനം ചെയ്തു.
