ജിദ്ദ- ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവെൽ മാറ്റി വെച്ചു. സൗദിയിലെ ചരിത്രപ്രസിദ്ധമായ അൽ-ബലദ് പ്രദേശത്ത് 2026 ഡിസംബർ 3 മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആറാം പതിപ്പ് മാറ്റിവെച്ചതായി റെഡ് സീ ഫൗണ്ടേഷനാണ് അറിയിച്ചത്. മേള 2027-ന്റെ നാലാം പാദത്തിലാണ് നടക്കുകയെന്ന് ഫൗണ്ടേഷൻ അറിയിച്ചെങ്കിലും കൃത്യമായ തീയതികൾ വ്യക്തമാക്കിയിട്ടില്ല.
അടുത്ത പതിപ്പിന്റെ സമയക്രമവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം ഒരു വലിയ പരിപാടി സംഘടിപ്പിക്കുന്നതിന് ആവശ്യമായ ലോജിസ്റ്റിക്കൽ കാര്യങ്ങളും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഫൗണ്ടേഷൻ വ്യക്തമാക്കി.
“റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ലഭിച്ചിട്ടുള്ള ആഗോള പ്രശസ്തിയും നിലവാരവും നിലനിർത്തുന്നതിനായി അനുയോജ്യമായ സമയത്തും സാഹചര്യത്തിലും ഇത് നടത്തുന്നതാണ് ഉചിതം” എന്ന് സംഘടന കൂട്ടിച്ചേർത്തു.
പ്രധാന ചലച്ചിത്ര മേള 2027 വരെ നിർത്തിവെച്ചിരിക്കുകയാണെങ്കിലും, ഫൗണ്ടേഷന്റെ വർഷം മുഴുവൻ നീളുന്ന മറ്റു പദ്ധതികൾ തടസ്സമില്ലാതെ തുടരും. റെഡ് സീ ഫണ്ടും റെഡ് സീ ലാബ്സും സജീവമായി തന്നെ പ്രവർത്തിക്കും. കൂടാതെ, 2026 നവംബർ മുതൽ ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ കൾച്ചർ സ്‌ക്വയറിൽ പുതിയ പരിപാടികൾ ഫൗണ്ടേഷൻ ആരംഭിക്കും. മേളകൾക്കിടയിലുള്ള സമയത്തും നഗരത്തിൽ സാംസ്കാരിക സാന്നിധ്യം നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
ജിദ്ദയിൽ എല്ലാവർഷവും നടക്കാറുള്ള റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേള, 2021-ൽ ആരംഭിച്ചതുമുതൽ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക പരിപാടികളിലൊന്നായി വളർന്നിട്ടുണ്ട്. സൗദിയുടെ വിനോദ-സിനിമാ മേഖലയെ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര താരങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും വ്യവസായ പ്രമുഖരെയും ആകർഷിക്കാൻ ഈ മേളയ്ക്ക് സാധിച്ചിട്ടുണ്ട്.
മേള മാറ്റിവെച്ചതോടെ അറബ് ചലച്ചിത്ര ലോകത്തിനും സൗദിയിൽ ബിസിനസ് ചെയ്യാൻ താല്പര്യമുള്ള അന്താരാഷ്ട്ര സിനിമാ പ്രവർത്തകർക്കും ഒരു വർഷത്തെ ഇടവേള നേരിടേണ്ടി വരും. മേഖലയിലെ ചലച്ചിത്ര മേളകളുടെ രംഗത്ത് മാറ്റങ്ങൾ സംഭവിക്കുന്ന ഘട്ടത്തിലാണ് ഈ തീരുമാനം വരുന്നത്. ഒരു ദശാബ്ദത്തോളമായി നിർത്തിവെച്ചിരുന്ന ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേള 2027 ഡിസംബർ 8 മുതൽ പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ്.







